പോര്‍ച്ചുഗലിനെതിരെ രണ്ടു ഗോളുകളും നേടിയത് കവാനിയാണ്

മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ പേരിലെ പെരുമയേക്കാള്‍ മികച്ച പ്രകടനം നടത്തി ക്വാര്‍ട്ടര്‍ വരെ കുതിച്ചെത്തിയിരിക്കുയാണ് ഉറുഗ്വെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പ്രീക്വാര്‍ട്ടറില്‍ കൊമ്പ് ഒടിച്ച് വിട്ട ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് ഇനി നേരിടേണ്ടത് യുവത്വത്തിന്‍റെ തിളപ്പുമായെത്തുന്ന ഫ്രാന്‍സിനെയാണ്. പക്ഷേ, പറങ്കിപ്പടയുമായുള്ള കളിക്കിടയില്‍ പരിക്കേറ്റ ഗോളടിയന്ത്രം എഡിസണ്‍ കവാനിക്ക് അടുത്ത മത്സരത്തില്‍ കളിക്കാനാകുമോയെന്നാണ് ഗോഡിനെയും കൂട്ടരെയും ആശങ്കപ്പെടുത്തുന്ന ഘടകം.

പക്ഷേ, ടീമിന് ഒരു തരത്തിലുള്ള സമര്‍ദവുമില്ലെന്ന പ്രതികരണവുമായെത്തിയിരിക്കുകയാണ് ഉറുഗ്വെയന്‍ മുന്നേറ്റ നിരയുടെ മറ്റൊരു മുഖമായ ലൂയിസ് സുവാരസ്. ഞാന്‍ അടക്കം മൂന്ന് മില്യണ്‍ ഉറുഗ്വെയ്ക്കാര്‍ എ‍ഡിക്ക് വേണ്ടി കാത്തിരിക്കുകയാണ്. അവന് ഏറ്റ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന് എനിക്കറിയാം. പക്ഷേ, അവന്‍റെ നിശ്ചയദാര്‍ഡ്യവും പോരാട്ടവീര്യവും അതിനേക്കാള്‍ മുകളിലാണ്. കവാനിയുടെ സാന്നിധ്യം ടീമിന് ആവശ്യമാണ്. പക്ഷേ, അതേ പോലെ കളിക്കുന്ന മറ്റു താരങ്ങളും ടീമിലുണ്ട്. ഒരു താരത്തില്‍ ആശ്രയിച്ചുള്ള കളിയല്ല ഞങ്ങളുടേത്. ഒരു സംഘമായാണ് ടീം കളിക്കുന്നതെന്നും സുവാരസ് പറഞ്ഞു.