തിരുവനന്തപുരം: ലഹരി സംഘത്തെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് റോഡിലൂടെ നടത്തിച്ച കേസിൽ പ്രതിയെ പിടികൂടിയ എസ്.ഐയ്ക്ക് സ്ഥലം മാറ്റം. മംഗലപുരം എസ്.ഐ പ്രസാദിനെയാണ് സ്ഥലം മാറ്റിയത്. സിപിഐഎം സമ്മർദ്ദമാണ് സ്ഥലമാറ്റത്തിന് പിന്നിലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
കഴിഞ്ഞ മാസമാണ് മംഗലപുരം സ്റ്റേഷൻ പരിധയിലെ കരിച്ചാറയിൽ ലഹരി സംഘത്തെ പിടികൂടാനെത്തിയ പോലീസിന് നേരെ ആക്രമണമുണ്ടായത്. സ്ഥലത്തുണ്ടായ ഒരു സംഘം പോലീസിനെ ആക്രമിക്കുകയും ജീപ്പിൽ കയറ്റാതെ റോഡിലൂടെ നടത്തുകയും ചെയ്തു.
ഒരു മാസത്തിനു ശേഷം കേസിലെ പ്രധാനപ്രതിയെ പോലീസ് പിടികൂടി. പ്രാദേശിക ഡിവൈഎഫ്ഐ നേതാവായിരുന്നു പ്രതി. ഇയാളെ വിട്ടയക്കണമെനനാവശ്യപ്പെട്ട് സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പടക്കം നടന്നിരുന്നു. അന്ന് എസ്ഐ യെ സ്റ്റേഷന് അകത്തേക്ക് കയറാൻ സമ്മതിക്കാതെ ഭീഷണിപ്പെടുത്തുന്നതടക്കമുള്ള സംഭവവുമുണ്ടായി. എസ്ഐയെ മാറ്റുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. ഇതിന് പിറകെയാണ് സ്ഥലം മാറ്റം. എസ്ഐ പ്രസാദ് നേരത്തെ പ്രദേശത്തെ ലഹരി മാഫിയയ്ക്കെതിരായി ശക്തമായ നടപടി സ്വീകരിച്ചിരുന്നു.
