ദില്ലി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ബിജെപി കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടിരുന്നുവെന്നാണ് ഇന്നലെ ലണ്ടനില്‍ വിജയ് മല്യ പറഞ്ഞത്.

പാര്‍ലമെന്‍റിന്‍റെ വരാന്തയില്‍ വെറും 45 സെക്കന്‍ഡ് നീണ്ട കൂടുക്കാഴ്ചയാണ് നടന്നതെന്ന് ജയ്റ്റ്‍ലി ഇതിന് ശേഷം പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ തന്‍റെ പ്രസ്താവന വിജയ് മല്യ തിരുത്തുകയും ചെയ്തു. പാര്‍ലമെന്‍റില്‍ വച്ചാണ് കണ്ടതെന്ന് മല്യ പിന്നീട് പറഞ്ഞു.

പക്ഷേ, അരുണ്‍ ജയ്റ്റ്‍ലി രാജിവെയ്ക്കണമെന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആക്രമണം അഴിച്ച് വിട്ടതോടെ ബിജെപി ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കൂടാതെ, ജയ്റ്റ്‍ലി വിമര്‍ശിച്ച് ബിജെപി നേതാവ് സൂബ്രഹ്മണ്യന്‍ സ്വാമിയും രംഗത്ത് എത്തിയതോടെ മോദിയുടെ വിശ്വസ്തന്‍റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്.

വിജയ് മല്യ രാജ്യം വിട്ടത് കേന്ദ്ര സര്‍ക്കാരിന്‍റെ അറിവോയെയാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. മല്യക്കെതിരായ ലുക്ക്ഔട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയത് ആരാണെന്നുള്ളതിന് അന്വേഷണം വേണമെന്നാണ് ആവശ്യമുയര്‍ത്തുന്നത്.

അതേസമയം, നോട്ടീസ് ദുര്‍ബലപ്പെടുത്തിയത് ധനമന്ത്രാലയത്തില്‍ നിന്നാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. രണ്ട് വസ്തതുകള്‍ വെളിവാകുന്നു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇന്ന് പറഞ്ഞത്.

ഒന്ന്, വിജയ് മല്യ അരുണ്‍ ജയ്റ്റ്‍ലിയെ രാജ്യം വിടുന്നതിന് മുമ്പ് കണ്ടിരുന്നു. രണ്ട്, 2015ല്‍ മല്യക്കെതിരെയുള്ള ലുക്ക്ഔട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തുകയും ചെയ്തു. നോട്ടീസ് ആദ്യം വിമാനത്താവളത്തില്‍ എത്തിയാല്‍ മല്യയെ തടയണമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍, തടയേണ്ടതില്ല, അറിയിച്ചാല്‍ മതിയെന്നാക്കി നോട്ടീസ് പിന്നീട് മാറ്റിയിരുന്നു. ബിജെപി ഇക്കാര്യം എതിര്‍ക്കുകയാണ്. നേരത്തെയും സുബ്രഹ്മണ്യന്‍ സ്വാമി പരോക്ഷ വിമര്‍ശനങ്ങള്‍ ജയ്റ്റ്‍ലിക്കെതിരെ നടത്തിയിരുന്നു.

ലുക്ക്ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ മല്യക്ക് ഒരിക്കലും ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ആകുമായിരുന്നില്ല. അതുകൊണ്ട് മല്യ ദില്ലിയിലെത്തി അധികാരമുള്ള ആരെയോ കണ്ടു.

വിമാനത്താവളത്തില്‍ തടയുന്ന ലുക്ക്ഔട്ട് നോട്ടീസ് മാറ്റുന്നതിന് അധികാരമുള്ള ആളെയാണ് കണ്ടതെന്നും കഴിഞ്ഞ ജൂണ്‍ 12ലെ ട്വീറ്റില്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. മല്യയുടെ പുതിയ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ സ്വാമിയുടെ അന്നത്തെ ട്വീറ്റ് ഏറെ പേര്‍ പങ്കുവെയ്കക്കുന്നുണ്ട്.