സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ 28 രേഖകളും തെളിവായി കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍  സമര്‍പ്പിച്ചിട്ടുണ്ട്. 5 മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ്  കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.   

കൊല്ലം: ട്രിനിറ്റി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഘ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്‌കൂളിലെ അധ്യാപികമാരായ സിന്ധുപോള്‍ , ക്രസന്റ് എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം. അദ്ധ്യാപികമാരായ സിന്ധുവിന്റേയും, ക്രസന്റിന്റെയും മാനസ്സികപീഡനം മൂലമാണ് ഗൗരി നേഘ ജീവനൊടുക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഇരുവര്‍ക്കുമെതിരെ ആത്മഹത്യപ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 120 പേജുള്ള കുറ്റപത്രത്തില്‍ 52 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ 28 രേഖകളും തെളിവായി കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 5 മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ഗൗരി നേഘ ആത്മഹത്യചെയ്തത്. സിന്ധുപോളിന്റെയും ക്രസന്റിന്റെയും മാനസിക പീഡനത്തെത്തുടര്‍ന്നാണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന ആരോപണം പല കോണുകളില്‍ നിന്നുമുയര്‍ന്നതോടെ അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. സസ്‌പെന്‍ഷനിലായിരുന്ന അധ്യാപികമാരെ ഫെബ്രുവരിയില്‍ സ്‌കൂളിലേക്ക് ആഘോഷപൂര്‍വം തിരിച്ചെടുത്തതും വിവാദത്തിന് കാരണമായി. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പളായിരുന്ന ഷെവലിയാര്‍ ജോണിനെ സ്ഥഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്ന ഡിഡിഇയുടെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്.