ഖര്‍ത്തൂം: സുഡാനില്‍ പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ സിവിലിയന്മാര്‍ക്കുനേരെ സര്‍ക്കാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ റിപ്പോര്‍ട്ട്. രാജ്യത്തിന്ർറെ ഉള്‍മേഖലകളില്‍ എട്ടു മാസത്തിനിടെ നിരവധി തവണയാണ് സൈന്യം രാസായുധം പ്രയോഗിച്ചതെന്നാണ് റിപ്പോര്ർട്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട 250 പേരില്‍ ഏറെയും പിഞ്ചുകുഞ്ഞുങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ ഭീകരമായി പരിക്കേറ്റ് വിലപിക്കുന്ന കുഞ്ഞുങ്ങളുടെ കാഴ്ച ദയനീയമാണെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ മേധാവി തിരാന ഹസന്‍ പറയുന്നു. മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ച് ഇവിടെ ആക്രമണം തുടരുകയാണ്. 2016 ജനുവരി മുതല്‍ ദര്‍ഫുറിലെ ജബല്‍ മാരാ മേഖലയില്‍ ചുരുങ്ങിയത് 30 തവണയാണ് രാസായുധപ്രയോഗം നടന്നത്.

സിവിലിയന്മാര്‍ക്കുനേരെ സുഡാന്‍ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും ആംനസ്റ്റി മുന്നറിയിപ്പ് നല്‍കി. എന്നാല്‍, റിപ്പോര്‍ട്ട് സുഡാന്‍ സര്‍ക്കാര്‍ തള്ളി. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വിഡിയോയും കൈവശമുണ്ടെന്നും തിരാന വെളിപ്പെടുത്തി. ചില കുഞ്ഞുങ്ങള്‍ ശ്വാസംകിട്ടാതെ പിടയുന്നതും ചിലര്‍ രക്തം ഛര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.