ഫസൽ, ശുക്കൂർ, മനോജ് ഇപ്പോള്‍ ഷുഹൈബും; ജില്ലയില്‍ സിപിഎമ്മിനെതിരെ സിബിഐ അന്വേഷിക്കുന്ന നാലാമത്തെ വധക്കേസ്
കണ്ണൂര്: ഇതിനോടകം മൂന്ന് രാഷ്ട്രീയ കൊലപാതകക്കേസുകളിൽ സിബിഐ അന്വേഷണം നേരിടുന്ന സിപിഎമ്മിന് ശുഹൈബ് വധക്കേസിലെ കോടതി വിധി വലിയ തിരിച്ചടിയാണ്. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള സമരം, കണ്ണൂർ രാഷ്ട്രീയത്തിൽ ഏറെക്കുറെ നിശബ്ദനായിരുന്ന കെ സുധാകരന്റെ തിരിച്ചുവരവിനു കൂടിയാണ് വഴിയൊരുക്കിയത്. പ്രാദേശിക രാഷ്ട്രീയ സംഘർഷത്തെത്തുടർന്നുണ്ടായ കൊലപാതകം എന്നതിനപ്പുറം കേസിലെ ഗൂഢാലോചന വ്യക്തമാക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
തലശേരി ഫസൽ, അരിയിൽ ശുക്കൂർ, കതിരൂർ മനോജ്. സിബിഐ അന്വേഷിക്കുന്ന മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ ജില്ലാ സെക്രട്ടറി തന്നെ പ്രതിയായി ഇതിനോടകം കുരുക്കിലാണ് സിപിഎം. ഇത് തിരിച്ചറിഞ്ഞ്, ഷുഹൈബ് വധത്തിൽ പങ്കില്ലെന്ന നിലപാടുമായി ആരോപണങ്ങളെ പ്രതിരോധിക്കാൻ സിപിഎം തുടക്കത്തിലേ ശ്രമിച്ചിരുന്നു. എന്നാൽ കേസിൽ പാർട്ടി പ്രവർത്തകർ പിടിയിലായതോടെ ഈ വാദം പൊളിഞ്ഞു. ഇതോടെ പൊലീസിനെയല്ല പാർട്ടിയന്വേഷണത്തെയാണ് വിശ്വാസമെന്നായി. ഒടുവിൽ ഈ നിലപാടും തിരുത്തിയാണ് ഹൈക്കോടതി വിധിയോട് ഇന്ന് പി ജയരാജന്റെ പ്രതികരണം.
രാഷ്ട്രീയ തിരിച്ചടിക്ക് പുറമെ, കേസിൽ യു.എ.പി.എ കൂടി ചുമത്തുന്നത് പാർട്ടിയംഗങ്ങൾ ഉൾപ്പെട്ട കേസിൽ സിപിഎമ്മിന് വലിയ പ്രതിസന്ധിയുണ്ടാക്കും. കണ്ണൂർ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രധാന പ്രതിയോഗിയായ കെ സുധാകരന്റെ തിരിച്ച് വരവ് കൂടിയാണ് സിബിഐ അന്വേഷണത്തിനായി മുന്നിൽനിന്ന് നയിച്ച സമരം. ഒടുവിൽ നിയമ പോരാട്ടത്തിലൂടെ വിജയം കണ്ട കോൺഗ്രസ് തുടർന്നും ലക്ഷ്യം വെക്കുന്നത് ആഭ്യന്തരവകുപ്പിനെത്തന്നെ.
എന്നാൽ അനുകൂല സാഹചര്യമുണ്ടായിട്ടും താൻ നയിച്ച സമരം സംസ്ഥാന തലത്തിൽ ഏറ്റെടുക്കാതിരുന്നതിൽ നേതൃത്വത്തോട് കെ സുധാകരന് അമർഷമുണ്ട്. അതേസമയം, പ്രാദേശിക സംഘർഷങ്ങളെ ഷുഹൈബ് വധത്തിന് കാരണമായി പറയുന്ന പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തവരിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗമായ അസ്ക്കറാണ് നേതൃനിരയിലെയും ഗൂഢാലോചനയിലെയും പ്രധാനി. ഉയർന്നതലത്തിലേക്ക് അന്വേഷണം പോകുമ്പോൾ, ഗൂഢാലോചനക്കൊപ്പം കൊലപാതകത്തിന്റെ കാരണം തന്നെയാകും ശ്രദ്ധാകേന്ദ്രം
