തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പാക് പഞ്ചാബ് സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന പുതിയ മരുന്ന് ചട്ടത്തിനെതിരെ ഫാര്‍മസിസ്റ്റുകളും ഈ മേഖലയില്‍ ജോലി ചെയ്യുന്നവരും നടത്തിയ പ്രകടനത്തിടെയാണ് ബൈക്കിലെത്തിയ അക്രമി പൊട്ടിത്തെറിച്ചത്. പ്രകടനത്തിന് വഴിയൊരുക്കുകയായിരുന്ന നാല് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൊല്ലപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് ഡി.ഐ.ജി സൈദ് അഹമ്മദ് മുബീന്‍, സീനിയര്‍ പൊലീസ് സൂപ്രണ്ട് സാഹിദ് ഗോണ്ടല്‍ എന്നിവരും സ്ഫോടനത്തിന് ഇരകളായി. കനത്ത സ്ഫോടനത്തിന്റെ ആഘാതം 10 കിലോമീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
പാക് താലിബാന്‍ അനുകൂല സംഘടനയായ ജമാഅത്തുല്‍ അഹ്റാര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോറില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് രണ്ട് പേര്‍ നഗരത്തിലെത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെന്നും പറയപ്പെടുന്നു.
