സർക്കാറിന്റെ ശബരിമല നയത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ മരണമൊഴി ബിജെപി നിലപാടിന് വിരുദ്ധമാണ്. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. വേണുഗോപാലൻ നായരുടെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹർത്താൽ. സർക്കാറിന്റെ ശബരിമല നയത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ മരണമൊഴി ബിജെപി നിലപാടിന് വിരുദ്ധമാണ്. 

മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്. മരണമൊഴി ഇന്ന് പൊലീസ് മജിസ്ട്രേറ്റിൽ നിന്ന് വാങ്ങും. മുട്ടടയിലെ സഹോദരൻറെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലൻ നായർ ഒരു ഓട്ടോയിൽ സെക്രട്ടേറിയറ്റിന് മുന്നിലെത്തി എന്ന വിവരമാണ് പൊലീസിന് കിട്ടിയത്. ഓട്ടോ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. കത്തിക്കാൻ ഉപയോഗിച്ച് മണ്ണെണ്ണ എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. 

തീ പടരുന്നതിന്റെ രണ്ട് സിസിടിവി ദൃശ്യങ്ങൾ ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്. എന്നാല്‍ അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസിന് പരാതി നൽകി. മരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് മുറുകിയ സാഹചര്യത്തില്‍ സമരം പൊളിഞ്ഞതിൻറെ ജാള്യത മറയ്ക്കാനാണ് ബിജെപി ഹർത്താലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.