മസ്കത്ത്: ഒമാനിൽ ഈ വർഷം ആദ്യ പകുതിയിൽ തന്നെ 32 ഇന്ത്യക്കാർ ആത്മഹത്യ ചെയ്തെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യക്കാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കൂടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

മസ്കത്ത് ഇന്ത്യൻ എംബസ്സി പുറത്തുവിട്ട കണക്കു പ്രകാരം , 2016 ഇൽ 45 പേരും 2017 ഇൽ 46 പേരും ആണ് ഒമാനിൽ ആത്മഹത്യ ചെയ്ത പ്രവാസ ഇന്ത്യക്കാർ.  ഈ വർഷത്തെ ആദ്യ പകുതി വരെയുള്ള കണക്കനുസരിച്ചു 32 പേരും , അതായതു ഒരു മാസത്തിൽ ആറു പേര്‍ വീതം ആത്മഹത്യ ചെയ്യുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മൂന്നു കൊല്ലമായി ഈ പ്രവണത തുടരുന്നുവെന്നും, ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നും സാമൂഹ്യ പ്രവർത്തക റീത്ത സാമുവേൽ പറഞ്ഞു.  സ്വയം ജീവൻ ഒടുക്കിയവരിൽ കൂടുതലും 25 ഇനും 45 ഇനും ഇടയിൽ പ്രായമുള്ളവർ ആണെന്നതും ശ്രദ്ധേയമാണ്.

ഒമാനിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ പ്രവണത നിലനിൽക്കുന്ന സമൂഹം ഇന്ത്യൻ സമൂഹമാണുന്നെന്നാണ് രാജ്യത്തെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.