ദില്ലി: എഐഎഡിഎംകെയുടെ രണ്ടില ചിഹ്നത്തിന് കൈക്കൂലി നൽകാൻ ഇടനില നിന്ന സുകേഷ് ചന്ദ്രശേഖർ കൊച്ചിയിലെ തട്ടിപ്പ് കേസിലും പ്രതി. നടി നീന മരിയ പോളുമായി ചേർന്ന് ടെക്സ്റ്റൈൽ സ്ഥാപനത്തെ കബളിപ്പിച്ച് അരക്കോടിയിലധികം ലൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പൊലീസ് അന്വേഷിച്ചിരുന്നത്. 

ഇതിനിടെ തമിഴ്നാട്ടിലെ പാർടി ചിഹനത്തിനായുളള കൈക്കൂലിക്കേസിൽ ഡൽഹി ക്രൈംബ്രാ‌ഞ്ചിന്‍റെ അന്വേഷണം കൊച്ചിയിലേക്കും നീളുകയാണ്. രാജ്യത്തെ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ.

കൂട്ടുപ്രതിയും നടിയുമായ നീന മരിയ പോളുമായി ചോർന്നാണ് നാലുവ‍ർഷം മുന്‍പ് കൊച്ചിയിൽ തട്ടിപ്പ് നടത്തിയത്. ഇടപ്പളളിയിൽ പ്രവ‍ർത്തിച്ചിരുന്ന ടെക്സ്റ്റൈൽ സ്ഥാപനത്തിന് പരസ്യം നൽകാം എന്ന പേരിലായിരുന്നു അറുപത് ലക്ഷം രൂപ വാങ്ങിയത്. 

നടിയും മോ‍ഡലുമായ ലീന മരിയ പോളുമായെത്തിയായിരുന്നു സുകേഷ് പണവുമായി കടന്നത്. ടെക്സ്റ്റൈൽ ഉടമയുടെ പരാതിയിൽ കളമശേരി പൊലീസാണ് കേസെടുത്തിരുന്നത്. പിന്നീട് മറ്റ് തട്ടിപ്പുകേസുകളിൽ ഡൽഹിയിലെ ഫാം ഹൗസിൽവെച്ച് നടിയെ പിടികൂടിയെങ്കിലും സുകേഷ് രക്ഷപെട്ടു. 

ഇതിനിടെ എ ഐ എഡിഎംകെ നേതാവ് ടിടിവി ദിനരകരൻ ഉൾപ്പെട്ട കൈക്കൂലി കേസിന്‍റെ അന്വേഷണം കൊച്ചിയിലേക്കും നീളുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ‍ക്ക് നൽകാനുളള കോടിക്കണക്കിന് രൂപ കൊച്ചിയിലെ ഹവാല റാക്കറ്റ് വഴിയാണ് ഡൽഹിയിൽ സുകേഷ് ചന്ദ്രശേഖറിന്‍റെ കൈവശം എത്തിച്ചതെന്നാണ് വിവരം. 

എന്നാൽ കൊച്ചി ബന്ധം സംബന്ധിച്ച് ഔദ്യോഗികമായി ഡൽഹിയിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.