അദ്ദേഹം ആ സീറ്റിൽ ഇരിക്കുന്നത് നരേന്ദ്രമോദിയായിട്ടല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടാണ് രാഹുൽഗാന്ധി തനിക്ക് മകനെപ്പോലെയാണ്
ദില്ലി: അവിശ്വാസ പ്രമേയ പ്രസംഗത്തിന് ശേഷം നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച രാഹുൽഗാന്ധിയാണ് ദൃശ്യ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും
താരമായിരിക്കുന്നത്. എന്നാൽ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഈ പ്രവർത്തിയെ നിശിതമായി വിമർശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. ''മോദിയെ ആലിംഗനം ചെയ്തത് എനിക്കിഷ്ടപ്പെട്ടില്ല. പ്രധാനമന്ത്രി എന്ന പദവിയ്ക്ക് മാന്യതയുണ്ട്. അദ്ദേഹം ആ സീറ്റിൽ ഇരിക്കുന്നത് നരേന്ദ്രമോദിയായിട്ടല്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ടാണ്.'' സുമിത്ര മഹാജൻ പറഞ്ഞു.
''എല്ലാവരും സമാധാനത്തോടെ സഹവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. രാഹുലിനോട് എനിക്ക് യാതൊരു വിധത്തിലുമുള്ള വിരോധമില്ല. അദ്ദേഹംഎനിക്ക് മകനെപ്പോലെയാണ്.'' സുമിത്ര മഹാജൻ കൂട്ടിച്ചേർത്തു. ചിപ്കോ ആന്ദോളൻ എന്നാണ് രാഹുലിന്റെ ആലിംഗനത്തെ രാജ്നാഥ് സിംഗ് വിശേഷിപ്പിച്ചത്. എന്നാൽ മോദിയെ കെട്ടിപ്പിടിക്കണമെന്ന് രാഹുൽ ചിന്തിച്ചിരുന്നില്ലെന്നാണ് കോൺഗ്രസിന്റെ പക്ഷം. 'അത്ഭുതപ്പെടുത്തുന്ന പ്രസംഗമായിരുന്നു രാഹുൽ ഗാന്ധിയുടേത്. അന്തരീക്ഷത്തെ മാറ്റി മറിക്കാൻ സാധിക്കുന്ന പ്രസംഗമായിരുന്നു അത്. മോദിയെ കെട്ടിപ്പിടിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ മനോഹരം. സാഹിത്യഭാഷയിൽ പറഞ്ഞാൽ ബിജെപിയുടെ ശ്വാസം നിലച്ചുപോകുന്ന പ്രകടനം' - ശശി തരൂർ തന്റെ ട്വിറ്ററിൽ കുറിച്ചു.
പെട്ടെന്ന് ലഭിച്ച ആലിംഗനത്തിൽ നരേന്ദ്രമോദി ഒന്നു പതറിപ്പോയി എന്നുള്ളത് സത്യം. എന്നാൽ പിന്നീട് സമചിത്തത വീണ്ടെടുത്ത് രാഹുലിനെ തിരിച്ചുവിളിച്ച് മോദി ഹസ്തദാനം നൽകുകയും ചെയ്തു. തോളിൽത്തട്ടി ചിരിച്ചു കൊണ്ട് ഒന്നോ രണ്ടോ വാക്കുകൾ രാഹുലിനോട് പറയുകയും ചെയ്യുന്നുണ്ട് മോദി.
