ദില്ലി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പത്നി സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം അന്വേഷിക്കുന്ന ദില്ലി പൊലീസിന് ദില്ലി ഹൈക്കോടതിയുടെ അന്ത്യശാസനം. രണ്ട് മാസത്തിനകം അന്വേഷം പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് സൈക്കോളജി പരിശോധന നടത്തേണ്ടതുണ്ടെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു.

സുനന്ദ പുഷ്കറിന്റെ മരണത്തില്‍ തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ദില്ലി പൊലീസിന് ഹൈക്കോടതി അനുവദിച്ചിരുന്ന സമയം അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ദില്ലി പൊലീസ് കൂടുതല്‍ സമയം ചോദിച്ചത്. ഇത് അംഗീകരിച്ച ദില്ലി ഹൈക്കോടതി നാല് ആഴ്ച്ചയ്‌ക്കകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടു.

അതില്‍ കൂടുതല്‍ സമയം അന്വേഷണത്തിന് നല്‍കാനാകില്ലെന്നും കോടതി അന്ത്യശാസന നല്‍കി. ഫോറന്‍സിക് സൈക്കോളജി പരിശോധന നടത്താന്‍ എട്ടാഴ്ച്ച സമയം വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഐപിഎല്‍ കൊച്ചി ടീമിനായി കള്ളപ്പണ്ണം വെളുപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കേസില്‍ കക്ഷിയായ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. നേരത്തെ കേസന്വേഷണം അനന്തമായി നീളുന്നതിനെ ദില്ലി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.