തങ്ങളുടെ രാഷ്ട്രീയ അപ്രമാദിത്വത്തിന് തടസ്സം നില്‍ക്കുന്നവരെ വകവരുത്തുകയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്ന് സണ്ണി ജോസഫ്. നേര്‍ക്കുനേര്‍ നിന്ന് ചോദ്യം ചെയ്യുന്നത് ആരാണോ അവരെ ഏത് രൂപത്തിലും സിപിഎം ഇല്ലാതാക്കുമെന്ന് ആര്‍എംപി നേതാവ് കെ കെ രമ.
തിരുവനന്തപുരം: പാര്‍ട്ടിയെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സിപിഎം നയമെന്ന് ആവര്‍ത്തിച്ച് ആര്‍എംപി നേതാവ് കെ കെ രമയും അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും. ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. നേര്‍ക്കു നേര്‍ നിന്ന് ചോദ്യം ചെയ്യുന്നത് ആരാണോ അവരെ ഏത് രൂപത്തിലും സിപിഎം ഇല്ലാതാക്കുമെന്ന് ആര്‍എംപി നേതാവ് കെ കെ രമ പറഞ്ഞു.
ആര്‍എംപി ഇപ്പോഴും അത് അനുഭവിക്കുകയാണ്. വലിയ വെല്ലുവിളി ഏറ്റുവാങ്ങിയാണ് ആര്‍എംപി മുന്നോട്ട് പോകുന്നത്. എന്നിട്ട് വ്യാപകമായി കള്ളപ്രചാരണം നടത്തുകയും കൊലയാളികളെ സംരക്ഷിക്കുകയുമാണ് പാര്‍ട്ടി. കൊടി സുനിയുടെ കേസ് നടത്തിയത് സിപിഎമ്മാണ്. അതിന് എന്ത് ബാധ്യതയാണ് സിപിഎമ്മിനുള്ളത്. ടി പി വധക്കേസില്‍ മാറാട് കോടതിയില്‍ ഒരു വര്‍ഷം വിചാരണ നടക്കുമ്പോള്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി ഭാസ്കരനായിരുന്നു ചുമതല. കൊലയാളികളുടെ സംരക്ഷിക്കാന്‍ പിന്നില്‍ വലിയ ഒരു പാര്‍ട്ടിയുണ്ടെന്നും കെ കെ രമ ആരോപിച്ചു.
തങ്ങളുടെ രാഷ്ട്രീയ അപ്രമാദിത്വത്തിന് തടസ്സം നില്‍ക്കുമെന്ന് കാണുന്ന ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരെ വകവരുത്തലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തിയറിയും പദ്ധതിയുമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. അവര്‍ക്ക് ജനാധിപത്യമില്ല, നിയമവാഴ്ചയില്‍ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിമിനലുകളെ കണ്ടെത്തി പരിശീലനം നല്‍കി പ്രോത്സാഹിപ്പിച്ച് എല്ലാ സൗകര്യംവും ചെയ്ത് കൊടുക്കുകയാണ് പാര്‍ട്ടി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പറയുന്നത്. എന്നാല്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ രാഷ്ട്രീയ തര്‍ക്കം മാത്രമാണ്. അതില്‍ പരിഹാരമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാണുന്നത് കൊലപാതകമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
