സ്കൂള്‍ അടച്ചുപൂട്ടിയതോടെ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയിലായി
ദമാം: ദമാമിലെ സണ് ഷൈന് ഇന്റര്നാഷണല് സ്കൂള് അടച്ചുപൂട്ടിയതോടെ മലയാളികളടക്കമുള്ള വിദ്യാര്ത്ഥികളുടെ പഠനം പ്രതിസന്ധിയിലായി. തൊള്ളായിരത്തോളം കുട്ടികള് പഠിച്ചിരുന്ന സ്കൂളില് ഭൂരിപക്ഷവും മലയാളി വിദ്യാര്ത്ഥികളായിരുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള് പാലിക്കാത്തതിനെ തുടര്ന്നാണ് സ്കൂള് പൂട്ടാന് അധികൃതര് നിര്ദ്ദേശം നല്കിയത്.
പുതിയ അധ്യയന വര്ഷം ആരംഭിച്ച ഉടനെയാണ് സ്കൂള് പ്രവര്ത്തിക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള സര്ക്കുലര് രക്ഷിതാക്കള്ക്ക് ലഭിച്ചത്. പുതിയ അധ്യയന വര്ഷം തുടങ്ങിയതിനാല് കുട്ടികള്ക്ക് ഈ വര്ഷം മറ്റ് സ്കൂളുകളില് പ്രവേശനം ലഭിക്കുമോയെന്ന കാര്യത്തില് ആശങ്കപ്പെടുകയാണ് രക്ഷിതാക്കള്. ഇവര്ക്ക് ദമാമില് തന്നെയുള്ള മറ്റു സി ബി.എസ്.ഇ സ്കൂളുകളില് അഡ്മിഷന് ലഭിക്കുമെന്നാണ് സ്കൂള് അധികൃതര് പറയുന്നത്.
സ്കൂള് അടച്ചിടാന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിര്ദ്ദേശം നേരത്തെ ലഭിച്ചിട്ടും മാനേജ്മെന്റ് മുന്കൂട്ടി അറിയിച്ചില്ലെന്ന് ഒരു വിഭാഗം രക്ഷിതാക്കള് പരാതിപ്പെടുന്നു. രാജ്യത്ത് സ്വദേശി വല്ക്കരണം ശക്തമാവുകയും പ്രവാസികള് ജീവിതചിലവ് കുറക്കാന് ശ്രമിക്കുകയും ചെയ്യുമ്പോള് പുതിയ അഡ്മിഷനായി വലിയതുക മാറ്റിവയ്ക്കാനാവാത്ത സാഹചര്യത്തിലാണ് ഇപ്പോള് പലകുടുംബങ്ങളും.
