പഴയ നോട്ടുകൾ മാറ്റാൻ അവസരം തേടിയുള്ള പുതിയ ഒരു അപേക്ഷ കൂടി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. അസുഖം ബാധിച്ച് മരിച്ച പിതാവിന്‍റെ പേരിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ പഴയ നോട്ടുകൾ മാറ്റി നൽകാൻ ആര്‍.ബി.ഐക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സവിത ഗുപ്ത എന്ന ദില്ലി സ്വദേശി നൽകിയ അപേക്ഷയാണ് പുതുതായി കോടതി കേൾക്കാൻ തീരുമാനിച്ചത്. മാസങ്ങളായി അസുഖം ബാധിച്ച കിടന്ന പിതാവ് മരിച്ച ശേഷം അദ്ദേഹത്തിന്‍റെ ബാങ്ക് ലോക്കര്‍ പരിശോധിച്ചപ്പോൾ 83,000 രൂപയുടെ പഴയ നോട്ടുകൾ കണ്ടെത്തിയെന്നാണ് സവിത ഗുപ്തയുടെ വാദം. പഴയ നോട്ടുകൾ മാറ്റാൻ അവസരം നൽകാൻ സര്‍ക്കാരിനെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റ് നിരവധി ഹര്‍ജികൾ നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. പഴയ 500, 1000 നോട്ടുകൾ മാറ്റാൻ ഇനിയൊരു അവസരം കൂടി നൽകാനാകില്ലെന്ന് കേസിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി നൽകിയിരുന്നു.