Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍ നിയമസഭയുടെ ഓംബ്ഡുസ്മാനാകരുതെന്ന് സുപ്രീംകോടതി

Supreme Court
Author
New Delhi, First Published Jul 13, 2016, 2:20 PM IST

ഗവര്‍ണര്‍മാര്‍ നിയമസഭയുടെ ഓംബുഡ്സ്മാന്മാരായല്ല പ്രവര്‍ത്തിക്കേണ്ടതെന്ന് സുപ്രീംകോടതി. നിയമസഭയ്‌ക്ക് അകത്തുള്ള ഒരു വിഷത്തിലും ഇടപെടാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചു. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വിശദീകരിക്കുന്നത്.

അരുണാചല്‍ പ്രദേശ് സര്‍ക്കാരില്‍ ഗവര്‍ണറായി ജെ പി രാജ്ഗോവ നടത്തിയ ഇടപെടലുകള്‍ റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് ഗവര്‍ണര്‍മാര്‍ പാലിക്കേണ്ട, നിയമപരവും ഭരണഘടനാപരവുമായ മര്യാദകളെ കുറിച്ച് സുപ്രീംകോടതി വിശദീകരിക്കുന്നത്. നിയമസഭയുടെ ഓംബ്ഡ്സ്മാനായല്ല ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്. നിയമസഭക്ക് അകത്ത് ഒരു നടപടിയും ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. സ്‌പീക്കറെ പുറത്താക്കാനോ, സ്‌പീക്കര്‍ക്കെതിരെ നടപടിയെടുക്കാനോ ഗവര്‍ണര്‍ക്ക് സാധിക്കില്ല. മന്ത്രിമാരോ, അംഗങ്ങളോ വരുത്തുന്ന വീഴ്ചകളില്‍ ഇടപെടാനും ഗവര്‍ണര്‍ക്ക് അധികാരമില്ല. ഭരണഘടനയുടെ 163, 174, 175. 179 അനുഛേദങ്ങളില്‍ അക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. അത് ലംഘിക്കരുത്. ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ ഗവര്‍ണര്‍ ഇടപെടരുത്. സര്‍ക്കാരിന്‍റെ ഭൂരിപക്ഷത്തില്‍ സംശയമുണ്ടെങ്കില്‍ വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെടാം. അല്ലാതെ സ്വന്തം നിലയ്‌ക്കു സര്‍ക്കാരിന്‍റെ അധികാരപരിധിയില്‍ ഇടപെടാന്‍ ശ്രമിക്കരുത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാം. സംസ്ഥാനത്ത് കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ശുപാര്‍ശകള്‍ നല്‍കാം. അരുണാചല്‍ കേസിലെ 331 പേജുള്ള വിധിയിലാണ് ഗവര്‍ണര്‍മാരുടെ അധികാരപരിധി സുപ്രീംകോടതി വിശദീകരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios