ദില്ലി: ടി.പി സെൻകുമാർ കേസിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു. തന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് സെന്‍കുമാര്‍ നേരത്തെ നല്‍കിയിരുന്ന കേസാണ് ഇന്ന് കോടതി പരിഗണിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഇതിനോടകം തന്നെ ടി.പി സെന്‍കുമാറിന് നിയമനം നൽകിയത് സംസ്ഥാന സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.
സെന്‍കുമാനെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത തേടി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ചിലവ് സഹിതം തള്ളിയിരുന്നു. 25,000 രൂപ സംസ്ഥാന സര്‍ക്കാറിന് പിഴ ശിക്ഷയും വിധിച്ചു. കോടതിയുടെ രൂക്ഷമായ പ്രതികരണത്തെ തുടര്‍ന്ന് സെന്‍കുമാറിനെ നിയമിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇതിനിടെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് തന്റെ നിയമനത്തിന് എതിര് നില്‍ക്കുന്നതെന്നും അവരെ കോടതി നേരിട്ട് വിളിച്ചുവരുത്തണമെന്നും സെന്‍കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും നേരിട്ട് വിളിച്ച് വരുത്തേണ്ടതില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ മാപ്പുപറഞ്ഞുകൊണ്ട് സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. അഡ്വക്കറ്റ് ജനറലിന്റെയും നിയമ സെക്രട്ടറിയുടെയും ഉപദേശപ്രകാരമാണ് വിധിയിൽ വ്യക്തത തേടി അപേക്ഷ നൽകിയതെന്നാണ് കോടതി അലക്ഷ്യ നോട്ടീസിന് നൽകിയ മറുപടിയിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.
