ദില്ലി: സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരായ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. നടപടിക്രമം പാലിച്ചാല്‍ ബെഹ്‌റയേയും ഡിജിപി സ്ഥാനത്ത് നിന്നും മാറ്റേണ്ടിവരുമെന്നും കോടതി പറഞ്ഞു. പുറ്റിങ്ങല്‍ ദുരന്തത്തില്‍ ഡിജിപിയെ മാറ്റിയെങ്കില്‍ എന്ത് തെറ്റെന്ന് കോടതി ചോദിച്ചു. കേസില്‍ വാദം നാളെയും തുടരും. 

ജിഷ വധക്കേസ്, പുറ്റിങ്ങള്‍ ദുരന്ത കേസ് എന്നിവയിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ടി.പി.സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് 2016 മെയ് 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റിയത്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്ന വാദവുമായാണ് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ എത്തിയത്. ജിഷ കേസിലും പുറ്റിങ്ങല്‍ കേസിലും ഉണ്ടായ വീഴ്ചകളാണ് സെന്‍കുമാറിനെ മാറ്റാന്‍ കാരണമെങ്കില്‍ ജിഷ്ണു പ്രണോയിയുടെ മരണെ തുടര്‍ന്ന് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലെ ഡി.ജി.പി ലോക്‌നാഥ് ബെഹറയെ സര്‍ക്കാര്‍ മാറ്റിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. 

സെന്‍കുമാറിന്റെ നിയമനം തന്നെ നടപടിക്രമങ്ങളുടെ ലംഘനമായിരുന്നുവെന്ന് പിന്നീട് സര്‍ക്കാര്‍ വാദിച്ചു. നടപടിക്രമങ്ങളെ കുറിച്ച് വാദിച്ചാല്‍ ലോക്‌നാഥ് നാഥ് ബെഹറയെ ഡി.ജി.പി സ്ഥാനത്ത് നിന്ന് ഉടന്‍ മാറ്റേണ്ടിവരുമെന്നായിരുന്നു സര്‍ക്കാരിന് കോടതി മറുപടി നല്‍കി. ജിഷ കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ച കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നും, പുറ്റിങ്ങള്‍ കേസില്‍ പൊലീസിനുണ്ടായ വീഴ്ച മറച്ചുവെക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് സെന്‍കുമാര്‍ തെറ്റിദ്ധാരണകള്‍ പരത്തിയെന്നും പിന്നീട് സര്‍ക്കാര്‍ വാദിച്ചു. 

ഇതോടെയാണ് പുറ്റിങ്ങള്‍ ദുരന്തത്തില്‍ ഉണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ഡി.ജി.പിയെ മുഖ്യമന്ത്രി മാറ്റിയെങ്കില്‍ അതില്‍ തെറ്റുണ്ടോ എന്ന് സെന്‍കുമാറിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചത്. പുറ്റിങ്ങല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെങ്കിലും ഉണ്ടാകില്ലേ എന്നും കോടതി ചോദിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഇന്ന് മുതിര്‍ന്ന അഭിഭാഷകരാരും കോടതിയിലെത്തിയില്ല. 

ഹരീഷ് സാല്‍വെയായിരുന്നു സര്‍ക്കാരിന്റെ അഭിഭാഷകന്‍. സാല്‍വെ എത്താത്തത് ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്ന് സംസ്ഥാനത്തിന്റെ സ്റ്റാന്റിംഗ് കോണ്‍സില്‍ ജി.പ്രകാശ് അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പിന്നീട് സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സിലാണ് കേസ് വാദിച്ചത്.