ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ സമീപനം വളരെ മോശമായിരുന്നുവെന്നും സര്‍ക്കാര്‍ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവക്ക് ശേഷം ജനങ്ങള്‍ക്ക് പൊലീസില്‍ ഉള്ള വിശ്വാസം നഷ്‌ടപ്പെടാതിരിക്കാനാണ് ടി.പി.സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ആ വാദം തള്ളിയാണ് സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ സമീപനം വളരെ മോശമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ സെന്‍കുമാറിനെ മാറ്റിയ തീരുമാനം ശരിവെച്ച കേരള ഹൈക്കോടതി വിധി റദ്ദാക്കാന്‍ യാതൊരു മടിയും ഇല്ല എന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു. ക്രമവിരുദ്ധവും നിയമവിരുദ്ധമായി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ താരുമാനിച്ചാല്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 

സെന്‍കുമാറിനെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്‌ട്രീയപ്രേരിതമാകാമെന്ന നിരീക്ഷണവും കോടതി വിധിയില്‍ സുപ്രീംകോടതി നടത്തുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൊലീസ് മേധാവിയെ മാറ്റാന്‍ ഒരു സര്‍ക്കാര്‍ എടുത്ത തീരുമാനം സുപ്രീംകോടതി റദ്ദാക്കുന്നത്. 2016 മെയ് 25നാണ് കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. 26ാം തീയ്യതി ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 27-ാം തിയതി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റി ലോക്നാഥ് ബെഹ്റയെ നിയമിച്ചു. അതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ട്രൈബ്യൂണലും പിന്നീട് കേരള ഹൈക്കോടതിയും തള്ളി. അതിന് ശേഷമാണ് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ എത്തിയത്. 

സെന്‍കുമാറിനെതിരെ ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ കുറിപ്പിന്‍റെ ഉള്ളടക്കം എവിടെ നിന്ന് കിട്ടിയെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. സെന്‍കുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഫയലുകള്‍ എല്ലാം നേരിട്ട് പരിധിച്ചാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരിനെ കനത്ത തിരിച്ചടിയായി സുപ്രീംകോടതി തീരുമാനം.