പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുപ്രകാരമുള്ള ഒരു കേസിലെ മുംബൈ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

ദില്ലി: പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരമുള്ള കേസുകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനോ, പ്രോസിക്യൂട്ട് ചെയ്യാനോ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇതിനായി കോടതി മാര്‍ഗ്ഗരേഖയും പുറത്തിറക്കി. മാര്‍ഗ്ഗരേഖ ലംഘിച്ചാല്‍ അച്ചടക്കനടപടിയും കോടതിയലക്ഷ്യ നടപടിയും നേരിടേണ്ടിവരും. 

പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുപ്രകാരമുള്ള ഒരു കേസിലെ മുംബൈ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. നിയമം ദുരുപയോഗം ചെയ്തുള്ള വ്യാജ പരാതികളില്‍ നടപടികള്‍ ഉണ്ടാകുന്നത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന ഹര്‍ജിക്കാരന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമ പ്രകാരമുള്ള കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയോ, സ്വകാര്യ വ്യക്തികള്‍ക്കെതിരെയോ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റോ, പ്രോസിക്യൂഷന്‍ നടപടിയോ പാടില്ലെന്ന് കോടതി വിധിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉണ്ടായാല്‍ ആദ്യം പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കണം. 

അതിനുശേഷം ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയോടെ മാത്രമെ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാനാകു. ഇത്തരം കേസുകളില്‍ പ്രാഥമിക പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ക്ക് മൂന്‍കൂര്‍ ജാമ്യം നല്‍കാം. സ്വകാര്യ വ്യക്തികളാണെങ്കില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അന്വേഷണത്തിന് ശേഷം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ മാത്രമെ അറസ്റ്റും പ്രോസിക്യൂഷനും പാടുള്ളു. ഈ നടപടികള്‍ക്ക് ജില്ലാ മജിസ്‍ട്രേറ്റിന്റെ അംഗീകാരവും വാങ്ങണം. ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയും കോടതി അലക്ഷ്യനടപടിയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ജസ്റ്റിസുമായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരടങ്ങിയ കോടതി മുന്നറിയിപ്പ് നല്‍കി.