പത്മനാഭസ്വാമി ക്ഷേത്രക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഈ മാസം 29 ലേക്കാണ് മാറ്റിയത്.

ദില്ലി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഈ മാസം 29 ലേക്കാണ് മാറ്റിയത്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി.

ക്ഷേത്രത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീൽ അടക്കമാണ് കോടതി പരിഗണിക്കുന്നത്. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണം തുടങ്ങി വിദഗ്ധസമിതി മുന്നോട്ടുവച്ച റിപ്പോർട്ടും കോടതി പരിശോധിച്ചേക്കും.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഭരണം ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.