ഹ‍ർജി പിന്‍വലിച്ചില്ലെങ്കില്‍ നിന്നെ ബലാല്‍സംഗം ചെയ്യുമെന്നും കുട്ടികളെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി
ദില്ലി: മുസ്ലീങ്ങള്ക്കിടയിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് നല്കിയ ഹർജികള് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹർജി നൽകിയതിന് തനിക്ക് വധഭീഷണിയുണ്ടെന്നും, പരാതി നല്കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഹർജിക്കാരിൽ ഒരാളായ സമീന ബീഗം കോടതിയെ അറിയിച്ചു.
മുസ്ലിംകള്ക്കിടയിലെ മുത്തലാഖ് ക്രിമിനല് കുറ്റമാണെന്ന് നേരത്തെ സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ ചോദ്യം ചെയ്തുള്ള ഹർജികളും സുപ്രിംകോടതി പരിഗണിക്കുന്നത്. ഒരിക്കല് മൊഴി ചൊല്ലിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കുന്നത് സംബന്ധിച്ച നടപടിക്രമമാണ് നിക്കാഹ് ഹലാല. ഇത് പ്രകാരം മുന് ഭാര്യ മറ്റൊരാളെ വിവാഹം ചെയ്ത ശേഷം മൊഴി ചെല്ലിയാല് മാത്രമേ ആദ്യ ഭർത്താവിനെ വീണ്ടും വിവാഹം ചെയ്യാന് സാധിക്കൂ. മാത്രമല്ല നിശ്ചിത കാലയളവ് കാത്തിരിക്കുകയും വേണം.
ഇന്ന് കേസ് പരിഗണിച്ചപ്പോള് ഹർജികളില് നാളെ തന്നെ വാദം തുടങ്ങണമെന്ന് ഹർജിക്കാര് വാദിച്ചു. എന്നാല് ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഇതിന് വിസമ്മതിച്ചു. കേന്ദ്ര സര്ക്കാറിന്റെ മറുപടി അറിയിക്കാന് അഡീഷണല് സോളിസിറ്റര് ജനറല് തുഷാര് മേഹ്തയോട് ആവശ്യപ്പെട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ഹർജി വിടണമെന്ന ആവശ്യം പരിഗണക്കാമെന്നും കോടതി ഉറപ്പുനല്കി.
ഇതിനിടെയാണ് തനിക്കെതിരെ നിരന്തരം വധഭീഷണിയുള്ള കാര്യം ഹർജിക്കാരിയായ സമീന ബീഗം കോടതിയെ അറിയിച്ചത്. ഹർജി പിന്വലിച്ചില്ലെങ്കില് നിന്നെ ബലാല്സംഗം ചെയ്യുമെന്നും കുട്ടികളെ പെട്രോള് ഒഴിച്ച് കത്തിക്കുമെന്നും അവര് ഭീഷണിപ്പെടുത്തിയതായി സമീന ബീഗം കോടതിയെ അറിയിച്ചു. മുത്തലാഖിന്റെ കാര്യത്തിലെന്ന പോലെ നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങളിലും ഹർജിക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.
