പത്തോളം ചെറുപ്പക്കാർ ആൾക്കൂട്ട അതിക്രമത്തിൽ കൊല്ലപ്പെട്ടു നിയമം കൗയിലെടുക്കാൻ ആരെയും അനുവദിക്കില്ല‌ ആൾക്കൂട്ട കൊലകളെ അപലപിച്ച് സുപ്രീം കോടതി

ദില്ലി: രാജ്യത്തെ ഒരു പൗരനും നിയമം കയ്യിലെടുക്കാൻ അനവാദമില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതീവ ജാ​ഗ്രത പുലർത്തണമെന്നും സുപ്രീം കോടതി. രാജ്യത്താകെ സംഭവിച്ചു കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളെ ശക്തമായി അപലപിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഈ നിർദ്ദേശം. ''രാജ്യത്ത് ഭയവും അരാജകത്വവും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനെതിരെ പ്രവർത്തിക്കേണ്ടത് രാജ്യത്തെ നിയമമാണ്. അക്രമപ്രവർത്തങ്ങൾ അനുവദനീയമല്ല.'' പരമോന്നത കോടതി പറഞ്ഞു. ​ഗോവധത്തിന്റെയും ​പശുമോഷ്ടാക്കളുടെയും കുട്ടിക്കടത്തുകാരുടെയും കാര്യത്തിൽ സംഭവിച്ച നിരവധി ആൾക്കൂട്ട അതിക്രമങ്ങളുടെ പരാതി പരിശോധിക്കുകയായിരുന്നു സുപ്രീം കോടതി. 

നാലാഴ്ചയ്ക്കുള്ളിൽ ഇത്തരം അക്രമങ്ങൾക്കെതിരെ കൃത്യമായ മാർ​ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടു വരണം. ആൾക്കൂട്ട കൊലപാതകങ്ങളിലെ കുറ്റക്കാരെ ശിക്ഷിക്കാൻ പാർലമെന്റിൽ പുതിയ നിയമം നടപ്പിലാക്കേണ്ടതുമാവശ്യമാണ്. കഴിഞ്ഞ മെയ്മാസത്തിൽ മാത്രം ഇരുപതോളം പേരാണ് രാജ്യത്തിന്റെ പലയിടങ്ങളിലായി ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായത്. അവരിൽ പലരും നിരപരാധികളായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ആൾക്കൂട്ടത്തിന്റെ ഇത്തരം കൊലപാതകങ്ങളും അതിക്രമങ്ങളും അനുവദിക്കാൻ പാടില്ലെന്നാണ് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. ഇക്കാര്യത്തിൽ ഓരോ സംസ്ഥാനത്തിലെയും നിയമസംവിധാനത്തിന് ഉത്തരവാദിത്വമുണ്ട്. 

പ്രധാനമായും വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ച സന്ദേശങ്ങളാണ് ആൾക്കൂട്ട അതിക്രമങ്ങൾക്ക് കാരണമായിത്തീർന്നത്. കുട്ടുകളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് പത്തോളം ചെറുപ്പക്കാരെയാണ് പലയിടത്തായി തല്ലിക്കൊന്നത്. ഇത്തരം പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന് സർക്കാരും പൊലീസും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.