സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും മരണവും വ്യാപകമായതോടെയാണ് 1983ല്‍ ഇതിനെതിരായി നിയമം വന്നത്. എന്നാല്‍ ആ നിയമം ഇപ്പോള്‍ സ്ത്രീക്കും പുരുഷനും ഇടയില്‍ ഒരു യുദ്ധത്തിന് കാരണമാകുന്നുവെന്നാണ് കോടതി വിലയിരുത്തുന്നത്

ദില്ലി: ഭര്‍ത്താക്കന്മാര്‍ക്കെതിരായ പീഡനങ്ങള്‍ തടയാനും നിയമം ആവശ്യമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെ ഭാഗത്തുനിന്നോ ഭര്‍ത്താക്കന്മാരുടെ വീട്ടുകാരുടെ ഭാഗത്തുനിന്നോ ഉണ്ടായേക്കാവുന്ന പീഡനങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം ഇപ്പോള്‍ ഏകപക്ഷീയമായി രീതിയില്‍ കൈകാര്യം ചെയ്യപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. 

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും മരണവും വ്യാപകമായതോടെയാണ് 1983ല്‍ ഇതിനെതിരായി നിയമം വന്നത്. എന്നാല്‍ ആ നിയമം ഇപ്പോള്‍ സ്ത്രീക്കും പുരുഷനും ഇടയില്‍ ഒരു യുദ്ധത്തിന് കാരണമാകുന്നുവെന്നാണ് കോടതി വിലയിരുത്തുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. 

1983ലെ നിയമം അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും അതിന്റെ നിജസ്ഥിതി അറിയുകയും ചെയ്ത ശേഷം മാത്രമേ പൊലീസ് നടപടിയെടുക്കാവൂയെന്ന് കോടതി നിര്‍ദേശിച്ചു. അങ്ങനെയല്ലാത്ത പക്ഷം വിഷയത്തില്‍ കോടതിക്ക് നേരിട്ട് ഇടപെടാനുള്ള അധികാരമുണ്ടെന്നും ബെഞ്ച് ഓര്‍മ്മിപ്പിച്ചു.