റാഷിദിന് കർശന വ്യവസ്ഥയിൽ അറസ്റ്റിൽ നിന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് താൽകാലിക സംരക്ഷണം നൽകി.

ദില്ലി: വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തട്ടിപ്പ് കേസിൽ പ്രതിയായ കരാറുകാരൻ എ റാഷിദിനോട് ഒളിവിൽ പോകരുതെന്ന് സുപ്രീംകോടതി നിർദ്ദേശം. റാഷിദിന് കർശന വ്യവസ്ഥയിൽ അറസ്റ്റിൽ നിന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് താൽകാലിക സംരക്ഷണം നൽകി. രണ്ടു കോടി രൂപയോ സമാനമായ മുതലോ വിചാരണക്കോടതിയിൽ കെട്ടിവെയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

ഹർജി പരിഗണിക്കവേ ഒളിവിൽ പോകരുതെന്ന് സുപ്രീംകോടതി പ്രതിയുടെ അഭിഭാഷകനോട് നിർദ്ദേശിച്ചു. അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം. മറ്റു ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതി നിർദ്ദേശിച്ചാൽ പാലിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ റാഷിദിനായി അഭിഭാഷകൻ കാർത്തിക് എഡ് ഡി ഹാജരായി. പഞ്ചായത്തിലെ തട്ടിപ്പ് വാർത്ത പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. സിപിഎം ഭരിക്കുന്ന തൊണ്ടർനാട് പഞ്ചായത്തിലാണ് രണ്ട് വർഷത്തിനിടെ രണ്ടരകോടി രൂപയുടെ അഴിമതി കണ്ടെത്തിയത്. 

ഇല്ലാത്ത പദ്ധതി ഉണ്ടാക്കിയും നടത്തിയ പദ്ധതിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ചുമായിരുന്നു തട്ടിപ്പ്. രണ്ട് ജീവനക്കാരാണ് തട്ടിപ്പ് നടത്തിയതെന്നും ഭരണസമിതിക്ക് അറിവില്ലെന്നുമാണ് പഞ്ചായത്തിന്‍റെ വാദം. ഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവർക്ക് തൊഴില്‍ ലഭ്യമാക്കാൻ ആവിഷ്കരിച്ച പദ്ധതിയിലാണ് തൊണ്ടർനാട് വൻ തട്ടിപ്പ് നടന്നത്. ആട്ടിൻകൂട്, കോഴിക്കൂട്, കിണർ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളിലായിരുന്നു തട്ടിപ്പ്. പഞ്ചായത്തിലെ എം ബുക്കില്‍ യഥാർത്ഥ കണക്കെഴുതി സോഫ്റ്റ്‍വെയറില്‍ കൃത്രിമം കാണിച്ചായിരുന്നു വെട്ടിപ്പ് നടന്നത്.

Asianet News Live | Malayalam News Live | Live Breaking News l Kerala News | HD Live News Streaming