ആധാർ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്ന് നാളെ സുപ്രീംകോടതി വിധി പറയും.
ദില്ലി: ആധാറുമായി ബന്ധപ്പെട്ട നിർണായക വിധി നാളെ സുപ്രീം കോടതി പുറപ്പെടുവിക്കും. ആധാറിന്റെ ഭരണഘടനാ സാധുത അടക്കമുള്ള കാര്യങ്ങളിലാണ് ഭരണഘടനാ ബഞ്ച് നാളെ വിധി പറയുക. ആധാർ പൗരന്റെ സ്വകാര്യ ലംഘിക്കുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഇതോടെ ഉത്തരമാകും.
ദീർഘമായ വാദം കേൾക്കലിന് ഒടുവിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിക്കുന്നത്. ഹൈക്കോടതി മുൻജഡ്ജി കെ.എസ്. പുട്ടസ്വാമി സമർപ്പിച്ചതുൾപ്പെടെ 31 ഓളം ഹർജികളാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.
ആധാറിന് അനുകൂലമായി കേന്ദ്രസർക്കാർ ശക്തമായ വാദങ്ങളാണ് കോടതിയിൽ ഉയർത്തിയത്. എന്നാൽ സർക്കാർ ആനുകൂല്യങ്ങൾക്കുൾപ്പെടെ ആധാർ നിർബന്ധമാക്കുന്നതിനെ വിവിധ കക്ഷികൾ ശക്തമായി എതിര്‍ത്തിരുന്നു. കോടതി വിധി കേന്ദ്രസർക്കാരിനും നിർണായകമാണ്.
