Asianet News MalayalamAsianet News Malayalam

സ്വവര്‍ഗ്ഗ രതി; ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

supreme court to hear plea on homosexuality today
Author
First Published Jun 29, 2016, 4:25 AM IST

ഒന്നര നൂറ്റാണ്ടോളം ചോദ്യം ചെയ്യാതെ നിലനിന്ന ചരിത്രമാണ് സ്വവര്‍ഗ്ഗ ലൈഗിംകതക്ക് ഇന്ത്യയിലുള്ളത്. ലോകരാജ്യങ്ങളില്‍ പലതും ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോഴും ഒരു ഉടച്ചുവാര്‍ക്കലിന് ഇന്ത്യന്‍ ഭരണകൂടം തയ്യാറായില്ല. ഒടുവില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സന്നദ്ധ സംഘടന കോടതി കയറ്റിയതോടെയാണ് നിയമ പോരാട്ടത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.

1861ലെ കോളനി വാഴ്ചക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടമാണ് സ്വവര്‍ഗ്ഗരതി തെറ്റാണെന്ന നിയമം ഇന്ത്യയുടെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കുന്നത്. പിന്നീട് പരിഷ്കരിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 377ാം വകുപ്പനുസരിച്ച് സ്വവര്‍ഗ്ഗരതി ജീവപര്യന്തമോ പത്തുവര്‍ഷം വരെ തടവോ ലഭിക്കാവുന്ന ശിക്ഷയായി മാറി. ലോകരാജ്യങ്ങളില്‍ പലതും ഇതിനിടയില്‍ സ്വവര്‍ഗ്ഗരതി നിയമവിധേയമായെങ്കിലും മാറിമാറി വന്ന ഇന്ത്യന്‍ ഭരണകൂടം ഈ നിയമത്തില്‍ തൊട്ടില്ല. ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ മാത്രമാണ് ഈ കാലയളവില്‍ ഉയര്‍ന്നു വന്നത്. ഒരു സന്നദ്ധ സംഘടന സ്വവര്‍ഗ്ഗ ലൈംഗികതയെ കോടതി കയറ്റുന്നതുവരെ  ഈ നില തുടര്‍ന്നു.

സന്നദ്ധ സംഘടന നല്‍കിയ കേസ് പരിഗണിച്ച ദില്ലി ഹൈക്കോടതി 2009 ജൂലൈ രണ്ടിന് സുപ്രധാന വിധി പുറപ്പെടുവിച്ചു. ഉഭയസമ്മതപ്രകാരം സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നത് തെറ്റല്ലെന്ന് കോടതി വിധിച്ചു. 377ാം വകുപ്പ് ഭരണകൂടം ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. എന്നാല്‍ ഇന്ത്യയിലെ പല മത സംഘടനകള്‍ക്കും പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ വിധി. ഇവരുടെ ഇടപെടലിലൂടെ സുപ്രീം കോടതിയിലെത്തിയതോടെ കേസിന് പുതിയ മാനം കൈവന്നു. അതുവരെ കാഴ്ചക്കാരായി നിന്ന  കേന്ദ്രസര്‍ക്കാരിനു കോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടി വന്നു. ആദ്യം സ്വവര്‍ഗ്ഗരതിയെ അനുകൂലിച്ച കേന്ദ്രസര്‍ക്കാര്‍ പിന്നീട് മലക്കം മറിയുന്ന കാഴ്ചക്കും  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ സാക്ഷ്യം വഹിച്ചു. 

തുടര്‍‍ന്ന്  2013ല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സ്വവര്‍ഗ്ഗരതി കുറ്റകരമാണെന്ന് വിധിച്ചു. ഈ വിധിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സ്വവര്‍ഗ്ഗാനുരാഗികളും  സാമൂഹിക പ്രവര്‍ത്തകരും ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്.  കോടതി ഏതു തരത്തിലുള്ള തീര്‍പ്പുണ്ടാക്കിയാലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍  ദീര്‍ഘകാലത്തേക്ക് അലയോലികള്‍ സൃഷ്‌ടിക്കുന്നതാകും അതെന്ന് ഉറപ്പാണ്.

Follow Us:
Download App:
  • android
  • ios