കതിരൂർ മനോജ് വധം: ജയരാജനടക്കമുള്ള പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനുൾപ്പടെയുള്ള പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കും. യുഎപിഎ ചുമത്താന്‍ സംസ്ഥാനത്തിന്‍റെ അനുമതി വേണമെന്നായിരുന്നു ഹർജി. പ്രതികളുടെ കാര്യത്തിൽ വിചാരണ കോടതിക്ക് തീരുമാനമെടുക്കാം. ഒന്നു മുതൽ 19 വരെയുള്ള പ്രതികളുടെ കാര്യത്തിലാണിത്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണമാണിതെന്നും അതിൽ സംസ്ഥാനത്തിന്‍റെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

വിധിപറയുന്നതിന് മുമ്പ് സര്‍ക്കാറിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പ്രതിയെ സഹായിക്കുന്ന പ്രവണത സർക്കാർ കാണിക്കുന്നതായും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുള്ളതായും കോടതി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതിന് എതിരായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനാണ് വിമർശനം.

കേരള സർക്കാർ എതിർ സത്യവാങ്‌മൂലത്തിൽ കുറെ അധികം പൊരുത്തക്കേടുകൾ ഉണ്ട്. കൊലപാതകം നടന്നാൽ മാത്രമേ യുഎപിഎ ചുമത്തൂ എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. പ്രതിയെ സഹായിക്കാൻ ഉള്ള പ്രവണത ആണ് സർക്കാർ കാണിക്കുന്നത്. ബോംബ് എറിയുന്നവൻ വെറുതേ നടക്കുന്നുവെന്നും ജസ്റ്റിസ് കമാല്‍ പാഷ നിരീക്ഷിച്ചു.

ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ആൾക്കാരെ സഹായിക്കും എന്നാണ് സർക്കാർ നിലപാട്. വനത്തിൽകിടക്കുന്ന ആദിവാസിയെ പിടിച്ചോണ്ടു വരാൻ മാത്രം ആണ് നിങ്ങൾ യുഎപിഎ ഉപയോഗിക്കുന്നതെന്നും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.