Asianet News MalayalamAsianet News Malayalam

ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതിയുടെ അനുമതി

ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് 2005ൽ കോമണ്‍കോസ് എന്ന സംഘടന നൽകിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് 13 വര്‍ഷത്തിന് ശേഷം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനാ‍യ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.

Supreme court verdict on mercy killing

ദില്ലി: ദയാവധം ഉപാധികളോടെ നടപ്പാക്കാമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. മരണസമ്മത പത്രം വഴിയോ, കോടതിയുടെ അനുമതിയോടെയോ ദയാവധം അനുവദിക്കാം. ദയാവധം നടപ്പാക്കുന്നതിനായി ഭരണഘടന ബെഞ്ച് മാര്‍ഗ്ഗരേഖ പുറത്തിറക്കി. അര്‍ഥപൂര്‍ണമായ ജീവിതത്തിന്റെ ഭാഗമാണ് മാന്യമായ മരണമെന്നും കോടതി വ്യക്തമാക്കി.
 
ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് 2005ൽ കോമണ്‍കോസ് എന്ന സംഘടന നൽകിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് 13 വര്‍ഷത്തിന് ശേഷം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനാ‍യ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ഒരാൾ ജീവിതത്തിലേക്ക് തിരിച്ചുവരില്ല ഉറപ്പാകുന്ന സാഹചര്യത്തിൽ ദയാവധം ഉപാധികളോടെ ആകാമെന്നാണ് ഭരണഘടന ബെഞ്ചിന്‍റെ വിധി. ജില്ലാ മജിസ്ട്രോറ്റ് നിശ്ചയിക്കുന്ന മെഡിക്കൽ ബോര്‍ഡിന്റെ അനുമതിയോടെയാകണം ദയാവധം നടപ്പാക്കേണ്ടത്.

ആയുസ് നീട്ടാൻ താല്പര്യമില്ലാത്ത രോഗികൾക്ക് മരണസമ്മതപത്രം തയ്യാറാക്കാം. ബന്ധുക്കൾക്കും ആശുപത്രിക്കും മരണസമ്മതപത്രം കൈമാറാം. ദയാവധം നടപ്പാക്കുന്ന കാര്യത്തിൽ ബന്ധുക്കൾക്കും ഡോകര്‍മാര്‍ക്കും നിയമപരിരക്ഷ ലഭിക്കും. സ്വയം മരണസമ്മത പത്രം തയ്യാറാക്കിയവരുടെ കാര്യത്തിൽ ജില്ലാ മജിസ്ട്രേറ്റിന് മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കുന്ന കാര്യത്തിൽ നേരിട്ട് തീരുമാനമെടുക്കാം. മരണസമ്മതപത്രം തയ്യാറാക്കാത്തവര്‍ക്ക് ദയാവധം നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾക്കോ, അടുത്ത സുഹൃത്തുക്കൾക്ക് കോടതിയെ സമീപിക്കാം.

മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കേണ്ടതില്ല എന്ന് തീരുമാനിക്കാൻ ഒരാൾക്ക് മൗലിക അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. അന്തസ്സോടെ അല്ലാത്ത ജീവിതം ആര്‍ക്കും അംഗീകരിക്കാനാകില്ല. അര്‍ത്ഥപൂര്‍ണമായ ജീവിതത്തിന്‍റെ ഭാഗമാണ് വേദന സഹിക്കാതെ അന്തസ്സോ‍ടെയുള്ള മരണവും. ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പാകുന്ന സാഹചര്യത്തിൽ ദയാവദം അനുവദിക്കണമെന്ന് ഒരാൾക്ക് മുൻകൂട്ടി തീരുമാനിക്കാം.

ആയുസ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്നുവെക്കാം‍. എന്നാൽ മരുന്ന് കുത്തിവെച്ച് പെട്ടെന്ന് മരിക്കാൻ സുപ്രീംകോടതി വിധി അനുമതി നൽകുന്നില്ല. ദയാവധത്തിനായി വ്യാജ രേഖയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവര്‍ക്ക് ഒരു കോടി രൂപ വരെ പിഴയും പത്ത് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം.

 

Follow Us:
Download App:
  • android
  • ios