ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി ഇന്ന്.  12 വർഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് വിധി പറയുന്നത്. ശബരിമലക്കേസിൽ നാല് വിധിയെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാൻവിൽക്കറും ചേർന്ന് ഒരു വിധി പറയും. ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ പ്രത്യേകം വിധി പറയും. 

ദില്ലി: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ നാല് വിധികളാണ് ജഡ്ജിമാര്‍ പറയുക. ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം.ഖാൻവിൽക്കറും ചേർന്ന് ഒരു വിധി പറയും. ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധിയും ഉണ്ടാകും. രാവിലെ പത്തര മണിക്കാണ് രാജ്യം ഉറ്റുനോക്കുന്ന വിധി.

ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്സ് അസോസിയേഷൻ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയുക. ശാരീരിക അവസ്ഥയുടെ പേരിൽ സ്ത്രീകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ? ശബരിമല പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമാണോ? സ്ത്രീകൾക്കുള്ള നിയന്ത്രണം തുല്യത, ആരാധനക്കുള്ള അവകാശം എന്നിവയുടെ ലംഘനമാണോ? ആരാധാനയുടെ പേരിൽ ഒരു വിഭാഗത്തെ മാത്രം മാറ്റിനിര്‍ത്താനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഭരണഘടന ബെഞ്ച് പരിശോധിച്ചത്. 

ഏട്ടുദിവസം നീണ്ടുനിന്ന വാദമാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നടന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് പ്രധാനമാണെന്ന് ഇന്ദിരാ ജെയ്സിംഗ് വാദത്തില്‍ പറഞ്ഞിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഒരുകാലത്ത് ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തത് പോലെ സ്ത്രീകള്‍ക്കും ശബരമില തുറന്നുകൊടുക്കണമെന്നാണ് ഇന്ദിരാ ജെയ്സിംഗ് സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. കേസിൽ വാദം കേൾക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയിൽ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചപരമാണെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു. വിശ്വാസത്തിന്‍റെ ഭാഗമാണെങ്കിലും ഭരണഘടനപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കോടതിക്ക് ഇടപെടാൻ സാധിക്കും. അതൊരിക്കലും ആചാരത്തിന്‍റേയോ വിശ്വാസത്തിന്‍റേയോ കടിഞ്ഞാണ്‍ ഏറ്റെടുക്കലായി കണക്കാക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞിരുന്നു.