എൽ.ജി.ബി.ടി സമൂഹത്തോടുള്ള അവഗണന മാറണം സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ പരാമര്‍ശം 377-ാം വകുപ്പ് പോയാൽ പ്രശ്നം തീരുമെന്ന് പരാമര്‍ശം കേസിൽ വാദം കേൾക്കൽ തുടരുന്നു

ദില്ലി: എൽ.ജി.ബി.ടി സമൂഹം ക്രിമിനലുകളാണെന്ന തെറ്റായ ധാരണ മാറണമെന്ന് സുപ്രീംകോടതി. 377 –ാം വകുപ്പ് ഇല്ലാതാകുന്നതോടെ എൽ.ജി.ബി.ടി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കോടതി പരാമര്‍ശം നടത്തി. സ്വവര്‍ഗരതി കേസിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ തുടരുകയാണ്.

രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എൽ.ജി.ബി.ടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് സ്വവര്‍ഗരതി കേസിൽ മൂന്നാംദിവസം വാദം കേൾക്കുന്നതിനിടെ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. തങ്ങൾ ക്രിമിനലുകളാണെന്നും അവഗണിക്കപ്പെടുന്നു എന്നുമുള്ള തോന്നൽ എൽ.ജി.ബി.ടി സമൂഹത്തിൽ ഇല്ലാതാകണം. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന 377 –ാം വകുപ്പ് ഇല്ലാതാകുന്നതോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

സമൂഹത്തിന്‍റെ അവഗണന മാത്രമല്ല, ഇവര്‍ക്കിടയിലെ മാനസിക ആരോഗ്യ പ്രശ്നങ്ങളും ഗൗരവമുള്ളതാണ്. രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദംമൂലം ഇവര്‍ക്ക് വിവാഹം കഴിക്കേണ്ടിവരുന്നു. അതുവഴി ലൈംഗിക പീഡനം അനുഭവിക്കേണ്ടിവരുന്നു. ഈ സ്ഥിതിയിൽ മാറ്റംവരണമെന്നും കോടതി പരാമര്‍ശം നടത്തി. സ്വവര്‍ഗരതി ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് ഹര്‍ജിക്കാര് വേണ്ടി ഹാജരായ അശോക് ദേശായി വാദിച്ചു. ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിൽ സ്വവര്‍ഗരതി നിയമവിധേയമാണെന്നും ദേശായി ചൂണ്ടിക്കാട്ടി.