അഭിമന്യുവിന്‍റെ വട്ടവടയിലെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

ഇടുക്കി: സുരേഷ് ഗോപി എംപിയുടെ അഭിമന്യുവിന്‍റെ വട്ടവടയിലെ വീട് സന്ദർശനം വിവാദത്തിൽ. വിനോദ സഞ്ചാരത്തിനെത്തിയത് പോലെ സെൽഫിയെടുത്ത് മരണ വീട്ടിൽ പെരുമാറിയതിനെതിരെയാണ് വിമർശനം ഉയരുന്നത്.

അഭിമന്യു കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് ബിജെപി എംപി സുരേഷ് ഗോപി വട്ടവടയിലെത്തുന്നത്. സിനിമാതാരമായ എംപി എത്തിയപ്പോൾ ആളുകൂടി. എംപി ആരെയും നിരാശരാക്കിയില്ല. എല്ലാവർക്കും ഒപ്പം നിന്ന് മതിവരുവോളം സെൽഫി. തുടർന്ന് അഭിമന്യുവിന്‍റെ കൊട്ടക്കന്പൂരിലെ വീട്ടിലേക്ക്. അച്ഛൻ മനോഹരനെയും അമ്മ ഭൂപതിയെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. അഭിമന്യു ഇനി മൂന്നാറിലെ ഭരണ മനോഭാവ മാറ്റത്തിന്‍റെ ചിഹ്നമാകുമെന്ന് എംപി പറഞ്ഞു.

അഭിമന്യുവിന്‍റെ വീട്ടിൽ വച്ച് മൂന്നാറിലെ പട്ടയ പ്രശ്നങ്ങളും ചർച്ച ചെയ്തു. കൊട്ടക്കമ്പൂരില്‍ നിന്ന് മടങ്ങുമ്പോഴും നാട്ടുകാർക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ സുരേഷ് ഗോപി മറന്നില്ല. എംപിയുടെ സന്ദർ‍ശനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു കഴിഞ്ഞു. മരണവീട്ടിലെങ്കിലും ഔചിത്യത്തോടെ പെരുമാറണ്ടേയെന്നാണ് വിമർശനം.