തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയ നടപടിക്കെതിരെ സുശീല ആര്‍. ഭട്ട്. തന്നെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കു വഴങ്ങാതിരുന്നതിനാല്‍ സ്ഥാനത്തുനിന്നു മാറ്റാന്‍ നേരത്തെയും ശ്രമം നടന്നിരുന്നെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രധാന റവന്യൂ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സുശീല ആര്‍. ഭട്ട്.

സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ എല്ലാ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും മാറ്റിയ കൂട്ടത്തില്‍ തന്നെയും മാറ്റിയതാണ്. എന്നാല്‍, നിര്‍ണായക ഘട്ടത്തില്‍ തന്നെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തുനിന്നു മാറ്റുന്നത് കേസുകളെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നു സുശീല ആര്‍. ഭട്ട് പറഞ്ഞു. അഞ്ചു ലക്ഷം ഏക്കര്‍ വനഭൂമിയാണ് കുത്തകകള്‍ കൈയേറിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിനു താന്‍ വഴങ്ങിയിരുന്നില്ല. അന്നു മുതല്‍ തന്നെ മാറ്റാന്‍ ചിലര്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പു വന്നതോടെ ആ ഫയല്‍ നീങ്ങിയില്ല.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു കരുണ എസ്റ്റേറ്റിന്റെ കേസില്‍ റവന്യൂ സെക്രട്ടറി വേറെ നിയമോപദേശം വേണമെന്ന രീതിയില്‍ മുന്നോട്ടുപോയിരുന്നു. നല്ല രീതിയില്‍ തനിക്കു സഹായം കിട്ടിയില്ല. എനിക്കു സഹായികളായി ഉണ്ടായിരുന്ന രണ്ടു പേര്‍ക്കു ശമ്പളം താന്‍ ഇപ്പോഴും നല്‍കുകയാണ്. വലിയൊരു മാഫിയ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശംവച്ചിരിക്കുന്നവര്‍ക്കെതിരെ പോരാടുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.