ഹൈദരാബാദ്: തെലങ്കാനയിലെ ഷാദ്‌നഗറില്‍ പൊലീസ് മുന്‍ മാവോയിസ്റ്റ് നേതാവിനേയും കൂട്ടാളിയേയും വധിച്ചു. ഏറ്റുമുട്ടലിലാണ് കൊലപാതകമെന്ന് തെലങ്കാന പൊലീസ് അറിയിച്ചു.ഗുജറാത്ത് പൊലീസ് പ്രതിസ്ഥാനത്തുള്ള ഷൊഹറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധമുണ്ടായിരുന്ന നയീമിനെയാണ്‌പൊലീസ് വധിച്ചത്.
ഹൈദരാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള മില്ലേനിയം വ്യവസായ മേഖലയിലെ ഷാദ്‌നഗറിലുള്ള വീട്ടില്‍ നടന്ന ഏറ്റുമുട്ടലിലാണ് തെലങ്കാന മാവോയിസ്റ്റ് മുന്‍ നേതാവായ നയീമിനേയും കൂട്ടാളിയേയും വധിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ച ശേഷം നടന്ന പൊലീസ് ഓപ്പറേഷന്‍ മൂന്ന് മണിക്കൂറോളം നീണ്ടു.
മാവോയിസ്റ്റ് സംഘങ്ങളുമായുള്ള ബന്ധം വിട്ടതിന് ശേഷം നയീം വ്യവസായികളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രാപൊലീസിന് മാവോയിസ്റ്റുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൈമാറിയിരുന്നത് നയീമാണെന്ന് നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു.
ഗുജറാത്ത് പൊലീസ് തീവ്രവാദികളെന്ന് ആരോപിച്ച് വധിച്ച് ഷഹറാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബീ എന്നിവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ സുരക്ഷ ഏജന്‍സികള്‍ക്ക് കൈമാറിയത് നയീമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നയീമിന്റെ ക്ഷണപ്രകാരം ഷഹ്‌റാബുദ്ദീനും ഭാര്യയും ഹൈദബാദിലെത്തിയിരുന്നുവെന്നും ഗുജറാത്ത് സിഐഡികള്‍ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നയീമിന്റെ ബന്ധുക്കളെ സിബിഐ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
തെലങ്കാന പൊലീസ് ഓപ്പറേഷനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ രിജു വ്യക്തമാക്കി..
