മഹാരാജാസ് കോളേജിലെ കൊലപാതകം അന്വേഷണം എസ്ഡിപിഐയിലേക്ക് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്  മുഖ്യപ്രതി മുഹമ്മദ് ഒളിവിൽ

കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ നേതാവ്‌ അഭിമന്യുവിന്റെ കൊലപാതകത്തിൽ കേസിൽ ഉൾപ്പെട്ട രണ്ട് വിദ്യാർഥികളെ ഇന്ന് സസ്‌പെന്‍റ് ചെയ്യും. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോളേജ് കൗണ്‍സില്‍ 3 അംഗ കമ്മറ്റിയെ നിയോഗിച്ചു. ഇവരുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടി. മുഹമ്മദ്, ഫറൂഖ് എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്യുക. മഹാരാജാസ് കോളേജ് നാളെ തുറക്കും. ഒന്നാം വര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങും.

അതേസമയം, കേസ് അന്വേഷണം എസ്ഡിപിഐയിലേക്ക് നീളുകയാണ്. കൊലയാളി സംഘത്തിലെ 13 പേർ കോളേജിന് പുറത്തു നിന്നുള്ളവരാണെന്നു അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയ 15 അംഗ സംഘത്തിലെ മുഹമ്മദ്‌, ഫാറൂഖ് എന്നിവരൊഴികെയുള്ള പ്രതികൾ മഹാരാജാസ് കോളേജ് നു പുറത്തു നിന്നെത്തിയവരെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴി. ക്യാമ്പസ്‌ ഫ്രണ്ട് ന്റെ പേരിൽ പോസ്റ്റർ ഒട്ടിക്കാൻ പത്തംഗ സംഘമാണ് എത്തിയത്. 

എസ്ഡിപിഐ വിദ്യാർഥികളുമായുള്ള തർക്കത്തെ തുടർന്ന് മുഹമ്മദ്‌ ഫോൺ ചെയ്തത് അനുസരിച്ച് അഞ്ചുപേർ കൂടി സ്ഥലത്തെത്തി. തുർന്നാണ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നത്. കുത്തിയത് നീല ടീഷർട് ധരിച്ചയാളെന്നാണ് മൊഴി. പുറത്തു നിന്നെത്തിയത് പരിസരത്തുള്ള എസ്ഡിപിഐ പ്രവർത്തകരാണോ എന്നുറപ്പിക്കാനാണ് ഹദിയ വിഷയത്തിൽ ഹൈക്കോടതി മാർച്ചിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നത്. ഒപ്പം പ്രതികളെന്ന് സംശയിക്കുന്ന 15 പേരുടെ ഫോൺ രേഖയും പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവരെ കോടതിയിൽ ഹാജരാക്കും. പിടിയിലായ സൈഫുദ്ധീൻ, റിയാസ് എന്നിവരെ ചോദ്യം ചെയ്തുവരുന്നു. 

മുഖ്യപ്രതി മുഹമ്മദ് ഉൾപ്പടെയുള്ളവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പോലീസ് തുടങ്ങിയിട്ടുണ്ട്. വിമാനത്താവളം വഴി പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാനാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുക. മൂന്നാം വർഷ അറബിക് വിദ്യാർഥി മുഹമ്മദാണ് ഒന്നാം പ്രതി.