എസ് പിയുടെ പ്രതികാര നടപടിയാണ് സസ്പെൻഷൻ എന്ന് സേനയിൽ തന്നെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍
ഇടുക്കി: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്ന പേരിൽ സസ്പെൻഷനിലായ പൊലീസുകാർക്കെതിരായ നടപടി പിൻവലിച്ചു. മൂന്നാർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തിലെ എഎസ്ഐമാരായ സജി പോൾ, ഉലഹന്നാൻ, സിപിഒമാരായ രമേഷ്, സനീഷ്, ഓമനക്കുട്ടൻ എന്നിവർക്കെതിരായ നടപടിയാണ് ജില്ലാ പൊലീസ് മേധാവി പിൻവലിച്ചത്.
ഉദ്യോഗസ്ഥർക്ക് ഇന്ന് മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കാം. കേസിലെ പ്രതി ബോബിൻ മധുരയിൽ പിടിയിലായപ്പോൾ എടുത്ത ഫോട്ടോയും, സുപ്രധാന വിവരങ്ങളുമാണ് പുറത്തായത്. അതേസമയം പ്രതിയെ പിടികൂടിയതിന്റെ അംഗീകാരം ഈ പൊലീസുകാർക്ക് മാത്രം പോയതിലുള്ള എസ് പിയുടെ പ്രതികാര നടപടിയാണ് സസ്പെൻഷൻ എന്ന് സേനയിൽ തന്നെ വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ചുള്ള ഉത്തരവെന്നാണ് വിലയിരുത്തൽ.
