ഹരിത കേരളം മിഷന്റെ ഭാഗമായാണ് കട്ടപ്പന നഗരസഭ സ്വാപ് ഷോപ്പ് തുടങ്ങിയത്. ഒരു വ്യക്തിക്കോ കുടുംബത്തിനോ ആവശ്യമില്ലാത്ത പുനരുപയോഗ വസ്തുക്കളും ഉല്‍പ്പന്നങ്ങളും ശേഖരിച്ച് മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ ഉപയോഗപ്രദമാക്കുകയാണ് ലക്ഷ്യം. സാധാരണ ഗതിയില്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഇങ്ങനെ ശേഖരിച്ചുനല്‍കുന്നത്. എന്നാല്‍, കട്ടപ്പനയില്‍ ഇതില്‍നിന്നും വ്യത്യസ്തമായി എന്തു സാധനവും സ്വീകരിക്കും. മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാവുന്നതായിരിക്കണം എന്നതാണ് വ്്യവസ്ഥ. 

ഇതിനായി നഗരസഭ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ സംഘം ഗുണമേന്‍മ ഉറപ്പാക്കിയ ശേഷമായിരിക്കും സാമഗ്രികള്‍ സ്വീകരിക്കുക. രണ്ടു ദിവസത്തെ പ്രയത്‌നം കൊണ്ട് ഇത്തരത്തില്‍ നിരവധി സാധനങ്ങള്‍ നഗരസഭ സ്വീകരിച്ചു. ഇതില്‍ വീടുകളില്‍ ഉപയോഗിക്കാതിരുന്ന പുതിയ സാധനങ്ങള്‍ വരെയുണ്ട്. വില്‍ക്കാന്‍ കഴിയാതിരുന്ന ഉല്‍പ്പന്നങ്ങള്‍ കടക്കാരും നല്‍കി. ആഴ്ചയില്‍ ഒരു ദിവസം ഈ സാധനങ്ങള്‍ വിതരണം ചെയ്യും. സാധനങ്ങള്‍ ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹതപ്പെട്ടവരാണോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും സാധനങ്ങള്‍ നല്‍കുക.