p>പലപ്പോഴും തനിക്ക് സംഘ പരിവാരത്തില്‍ നിന്നും മറ്റും കേള്‍ക്കേണ്ടി വന്നിട്ടുള്ള പുലഭ്യങ്ങള്‍ ജനയുഗത്തിലൂടെ ഒരിക്കല്‍ കൂടി കേട്ടു എന്ന് മാത്രം. കഴുത, ജാരസന്തതി, ചാരസന്തതി, കപ്പലണ്ടി കമ്യൂണിസ്റ്റ്, കമ്യൂണിസ്റ്റ് കഴുത തുടങ്ങിയ ജനയുഗ സാംസ്‌കാരിക നിലവാരത്തിനനുസരിച്ചുള്ള പുലഭ്യങ്ങളാണ് ഉടനീളം കൂട്ടത്തില്‍ രണ്ട് തന്തക്കു വിളിയും. ഇത്രയുമായപ്പോള്‍ എഴുതിയ വിപ്ലവകാരിക്കും എഴുതിച്ച വിപ്ലവകാരികള്‍ക്കും നേരിയ ആശ്വാസം അനുഭവപ്പെട്ടു കാണണം. ഇക്കാര്യം സകല ചാനലുകളിലും വന്നതിനാല്‍ ജനയുഗം ഇപ്പോഴും ഇറങ്ങുന്നുണ്ടെന്ന് എല്ലാവര്‍ക്കും മനസിലായിയെന്നാണ് സ്വരാജിന്റെ പരിഹാസം. കാശ് മുടക്കാതെ പരസ്യം തരപ്പെട്ട സന്തോഷം ചിലര്‍ക്കുണ്ടാവുമോ ആവോ എന്നും സ്വരാജ് ചോദിക്കുന്നു. എറണാകുളം ജില്ലയിലെ സിപിഐ-സിപിഎം തര്‍ക്കത്തിന്റെ ചുവടുപിടിച്ചാണ് സിപിഐ ജില്ലാ സെക്രട്ടറിയും എം സ്വരാജ് എംഎല്‍എയും കൊമ്പുകോര്‍ത്തത്. തുടര്‍ന്ന് ബിനോയ് വിശ്വം ഉള്‍പ്പടെയുള്ളവര്‍ സ്വരാജിനെതിരെ രംഗത്തുവന്നിരുന്നു. പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി ഒരു സിപിഐക്കാരനെ നേരിട്ടു കണ്ടതെന്ന സ്വരാജിന്റെ പരാമര്‍ശമാണ് സിപിഐ നേതാക്കളെ പ്രകോപിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് രൂക്ഷവിമര്‍ശനവുമായി ജനയുഗം പത്രം സ്വരാജിനെതിരെ രംഗത്തെത്തിയത്.

ജനയുഗത്തിന്റെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തിനും സ്വരാജ് മറുപടി പറയുന്നുണ്ട്. ഏറെക്കാലം ചിലര്‍ ആഘോഷിച്ച 'കാപ്പിറ്റല്‍ പണിഷ്‌മെന്റ് ' വിവാദവും എടുത്തു കൊണ്ടുവരാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സംഘ പരിവാരവും കോണ്‍ഗ്രസുമാണ് തനിക്കെതിരെ ഈ പ്രചരണം ഇതു വരെ നടത്തിയത്. ഇത്തവണ അവരോടൊപ്പം ജനയുഗവും ചേര്‍ന്നു എന്ന് മാത്രം. അത്യുജ്ജ്വലം എന്നല്ലാതെ മറ്റൊന്നും പറയുന്നില്ല. ചേരേണ്ടവര്‍ ചേര്‍ന്നു എന്നൊന്നും ഈയവസരത്തില്‍ പോലും ഞാന്‍ പറയുന്നില്ല. ഇത്തരം പ്രചരണത്തെക്കുറിച്ച് ആലുവയില്‍ വെച്ച് സ. വി എസ് മാധ്യമങ്ങളോട് പറഞ്ഞത് 'എതിരാളികളുടെ നെറി കെട്ട കുപ്രചരണം' എന്നായിരുന്നു. സഖാവ് വി എസിന്റെ പ്രസ്താവനയോടെ എതിരാളികള്‍ കറേയൊക്കെ പത്തി മടക്കി. നെറികേട് അലങ്കാരമായി കാണുന്നവര്‍ വേറെയുമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാവുകയും ചെയ്തുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വരാജ് പറയുന്നു.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് - പൂര്‍ണരൂപം ഇവിടെ വായിക്കാം...