പെറുവിനും കോസ്റ്റോറിക്കയ്ക്കും ജയം സ്വന്തം നാട്ടില്‍ സ്പെയിന് സമനില
വിയ്യാറയല്: ഒരിക്കലും പിഴയ്ക്കാത്ത ഡേവിഡ് ഡി ഗിയയുടെ കെെെകള് ചോര്ന്നപ്പോള് യൂറോപ്യന് വമ്പന്മാരായ സ്പെയിന് ലോകകപ്പ് സന്നാഹ മത്സരത്തില് സമനില. ഒരു ഗോള് ലീഡിന്റെ ആധിപത്യം മുതലെടുക്കാനാവാതെ പോയ സ്പാനിഷ് സംഘത്തെ സ്വിറ്റ്സര്ലന്ഡാണ് സമനിലയില് പിടിച്ചത്. സ്പെയിനായി അല്വാരോ ഒഡ്രിയോസോള 29-ാം മിനിറ്റില് ഗോള് കണ്ടെത്തിയപ്പോള് 62-ാം മിനിറ്റില് റിക്കാര്ഡോ റോഡിഗ്രസിലൂടെ സ്വസ് ടീം ഗോള് മടക്കി. കളിയുടെ തുടക്കം മുതല് ബോള് പൊസിഷനിലടക്കം മികവ് പുലര്ത്തിയ സ്പാനിഷ് പട നിരന്തരം സ്വസ് ഗോള്മുഖത്ത് ആക്രമണങ്ങള് അഴിച്ചു വിട്ടു.
ഒരുവിധം എല്ലാം തടുത്തെങ്കിലും 29-ാം മിനിറ്റില് സ്വറ്റ്സര്ലന്ഡിന്റെ പൂട്ട് സ്പെയിന് നിര പൊളിച്ചു. ബോക്സിന്റെ വലത് ഭാഗത്ത് ബോള് ലഭിച്ച ഡേവിഡ് സില്വ ഷോട്ട് എടുക്കുന്നത് തടയാന് നോക്കിയ സ്വസ് പ്രതിരോധത്തിന് പിഴച്ചു. സില്വ പന്തിനെ വളരെ മനോഹരമായി ടാപ് ചെയ്തു ബോക്സിന് പുറത്തുണ്ടായിരുന്ന അല്വാരോ ഒഡ്രിയോസോളയ്ക്കു നല്കി. ആരും തടുക്കാനില്ലാതിരുന്ന റയല് സോസിഡാഡ് താരം പന്ത് വലയിലെത്തിച്ചു. പിന്നീട് ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും സുവര്ണാവസരങ്ങള് സ്പെയിന് തുറന്നു കിട്ടിയെങ്കിലും നായകന് ഇനിയേസ്റ്റ അടക്കമുള്ളവര്ക്ക് ഗോള് നേടാന് സാധിച്ചില്ല.
62-ാം മിനിറ്റില് ഒരു ഗോള് കടത്തിന് സ്വറ്റ്സര്ലന്ഡ് മറുപടി നല്കി. ബോക്സില് സ്പെയിന് പ്രതിരോധത്തില് നിന്ന് ഒഴിഞ്ഞ് സ്റ്റീഫന് ലിച്ച്സ്റ്റീനര്ക്ക് പന്തു കിട്ടിയെങ്കിലും യുവന്റസ് താരത്തിന്റെ ഷോട്ട് ഡി ഗിയ തടത്തിട്ടു. പക്ഷേ, കെെയില് ഒതുങ്ങാതെ പോയ പന്തിനെ റോഡിഗ്രസിന് ഗോള് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ. ഇരു ടീമുകളും സമനിലയുടെ കെട്ട് പൊട്ടിക്കാനായി പൊരുതി നോക്കിയെങ്കിലും സാധിച്ചില്ല. നായകന് റാമോസിന് അടക്കം വിശ്രമം നല്കിയാണ് സന്നാഹ മത്സരത്തിന് സ്വന്തം നാട്ടില് സ്പെയിന് ഇറങ്ങിയത്.
പരിശീലകന് ജൂലന് ലൊപ്റ്റഗ്യുയിയുടെ കീഴില് ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോര്ഡ് സ്പെയിന് ഇത്തവണയും നിലനിര്ത്തി. റഷ്യയില് പന്തുരുളും മുമ്പ് ടൂണീഷ്യയുമായി സ്പെയിന് ഇനി സൗഹൃദ മത്സരം കളിക്കും. സ്വിറ്റ്സര്ലന്ഡ് ജപ്പാനെയും നേരിടും. മറ്റു മത്സരങ്ങളില് കോസ്റ്റോറിക്ക എതിരില്ലാത്ത മൂന്നു ഗോളുകള്ക്ക് വടക്കന് അയര്ലന്ഡിനെയും പെറു അതേ സ്കോറിന് സൗദി അറേബ്യയെും തകര്ത്തു.
