ഹൈദരാബാദ്: വിവാഹ ആഘോഷ ചടങ്ങിനിടെ നടന്ന വാള്‍പ്പയറ്റ് കണ്ടുകൊണ്ടിരുന്ന പതിനാറുകാരന്‍ വാള്‍ കഴുത്തില്‍ കുത്തികയറി മരിച്ചു. ഹൈദരാബാദിലെ ഷെയ്ക്‌പെട്ടിലാണ് സംഭവം. സയിദ് ഹമീദ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. വിവാഹാഘോഷത്തിന്റെ ഭാഗമായി വാള്‍പ്പയറ്റ് നടക്കുന്നതിനിടെ ഇതുകണ്ടുകൊണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സമീപത്ത് നില്‍ക്കുകയായിരുന്നു അപകടത്തില്‍ മരിച്ച ഹമീദ്.
ഇരുകൈകളിലും വാളുകള്‍ പിടിച്ച് പാട്ടിനൊപ്പം വാള്‍ പയറ്റ് നടത്തുകയായിരുന്ന ആളുടെ കൈയില്‍ നിന്ന് വാള്‍ പിടി വിട്ട് കണ്ടുകൊണ്ടിരിക്കുന്നവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വാളുകളിലൊന്ന് സയിദ് ഹമീദിന്റെ കഴുത്തിലാണ് കുത്തിക്കയറിയത്. ഉടന്‍തന്നെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക്ക് സയിദിനെ കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. മറ്റൊരു ആശുപത്രിയിലും സമാനമായ അനുഭവം ബന്ധുക്കള്‍ക്ക് നേരിടേണ്ടിവന്നു.
ഒടുവില്‍ മൂന്നാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴേക്കും രക്തം വാര്‍ന്ന് അവശനിലയിലായിരുന്ന സയിദ് ഹമീദ് മരിച്ചു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ അവസ്ഥയില്‍ ചികിത്സ നടത്താനുള്ള സൗകര്യങ്ങള്‍ തങ്ങള്‍ക്കില്ലാത്തതിനാലാണ് പ്രവേശനം നല്‍കാതിരുന്നതെന്നാണ് രണ്ട് ആശുപത്രികളുടെയും വിശദീകരണം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തികച്ചും ആകസ്മിക സംഭവമാണിണെന്നും വാളുകളുമായുള്ള ഇത്തരം ആഘോഷചടങ്ങുകള്‍ക്കെതിരേ മുമ്പ് പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും പൊലീസ് വ്യക്തമാക്കി. വിവാഹാഘോഷങ്ങളുടെ ഭാഗമായി വാള്‍പ്പയറ്റ് പോലുള്ള കലാവിരുന്നുകള്‍ ഇവിടങ്ങളില്‍ പതിവാണ്.
