പറന്നെത്തിയത് 30 മിസൈലുകള്‍ മൂന്നെണ്ണം തങ്ങള്‍ വെടിവച്ചിട്ടെന്ന് സിറിയന്‍ അവകാശവാദം

ഡമാസ്ക്കസ്: സിറിയയുടെ നേര്‍ക്ക് 30 മിസൈലുകളെത്തിയെന്നും അതില്‍ മൂന്നണ്ണം വെടിവച്ചിടാന്‍ തങ്ങള്‍ക്കായെന്നും സിറിയന്‍ സേന വക്താവ്. പടക്കപ്പലില്‍ നിന്നും 59 തോമോഹോക്ക് മിസൈലുകള്‍ തൊടുത്തുവെന്നാണ് അമേരിക്ക അവകാശവാദമുന്നയിച്ചത്. യു.എസിന്‍റെ ആക്രമണത്തെപ്പറ്റി റഷ്യ നേരത്തെ സൂചനകള്‍ നല്‍കിയിരുന്നതായും ഇതെത്തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സൈനിക കേന്ദ്രങ്ങള്‍ വളരെ പെട്ടെന്ന് അപകടങ്ങളൊന്നും കൂടാതെ മാറ്റാനായെന്നും സിറിയ അവകാശപ്പെട്ടു.

ആക്രമണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ നടക്കുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ പുറത്തുവിടാന്‍ സിറിയ തയ്യാറായില്ല. ഡമാസ്ക്കസിലെ ബര്‍സാഹ് ജില്ലയിലെ ശാസ്ത്ര ഗവേഷണകേന്ദ്രത്തിന് മാത്രമാണ് നാശനഷ്ടങ്ങളുണ്ടായതെന്നും സിറിയന്‍ ഭരണകൂടം കൂട്ടിച്ചേര്‍ത്തു.

സിറിയയുടെ ഔദ്യോഗിക വാര്‍ത്താമാധ്യമമായ സനായുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിറിയയിലെ പഠനകേന്ദ്രങ്ങളും ലബോറട്ടറികളും തകര്‍ന്നതിനൊപ്പം മൂന്ന് പ്രദേശവാസികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.