തിരുവനന്തപുരം: അര്‍ത്തുങ്കല്‍ ക്രിസ്ത്യന്‍ ദേവാലയം ക്ഷേത്രമായിരുന്നെന്ന ടി.ജി മോഹന്‍ദാസിന്‍റെ വിവാദ പരാമര്‍ശത്തിന്‍മേലുള്ള കേസ് റദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിരാകരിച്ചു. അർത്തുങ്കൽ പള്ളി നിൽക്കുന്ന സ്ഥലം ശിവക്ഷേത്രം ആണെന്ന മോഹൻദാസിന്റെ ട്വീറ്റ് വിവാദമായിരുന്നു.

അര്‍ത്തുങ്കല്‍ പള്ളി ഒരു ശിവ ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റിയെന്നുമായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. എഐവൈഎഫ് നേതാവ് ജിസ്മോന്‍റെ പരാതിയിലാണ് മോഹന്‍ദാസിനെതിരെ അര്‍ത്തുങ്കല്‍ പൊലീസ് കേസെടുത്തത്

കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്നാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ നിരീക്ഷണം. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം തുടരാമെന്നും എന്നാല്‍ മോഹന്‍ദാസിന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്നും കമാല്‍ പാഷ പറഞ്ഞു.

പള്ളിയുടെ അള്‍ത്താര, പണിക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടേയിരുന്നുവെന്നും പാതിരിമാര്‍ ജ്യോത്സ്യനെക്കണ്ട് അവിടെ നിന്നുള്ള ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. സി.ആര്‍.പി.സി. 153(എ) വകുപ്പ് പ്രകാരമാണ് ടി.ജി മോഹന്‍ ദാസിനെതിരെ കേസെടുത്തത്.