ചെന്നൈ: തമിഴ്നാട്ടിൽ അനധികൃത ഗുഡ്ക വ്യാപാരത്തിന് ഒത്താശ ചെയ്യാൻ ആരോഗ്യമന്ത്രി സി വിജയഭാസ്കർ കോഴ വാങ്ങിയതിന്‍റെ രേഖകൾ പുറത്തായത് വിവാദമാകുന്നു. മന്ത്രിയ്ക്ക് പുറമേ നിലവിലെ ഡിജിപി ടി കെ രാജേന്ദ്രനും മുൻ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എസ് ജോർജും പ്രമുഖ ഗുഡ്ക വ്യാപാരിയുടെ കൈയിൽ നിന്ന് കോഴ വാങ്ങിയതിന്‍റെ രേഖകളും പുറത്തുവന്നു. മന്ത്രിയെയും ഉന്നതപൊലീസുദ്യോഗസ്ഥരെയും പുറത്താക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും ശക്തമാവുകയാണ്.

കഴിഞ്ഞ ജൂലൈയിൽ ചെന്നൈ റെഡ്ഹിൽസിലുള്ള എംഡിഎം എന്ന ഗുഡ്ക ബ്രാൻഡിന്‍റെ ഓഫീസിൽ നടത്തിയ റെയ്ഡിലാണ് തമിഴ്നാട്ടിലെ ആരോഗ്യമന്ത്രിയ്ക്കും ഉന്നത പൊലീസുദ്യോഗസ്ഥർക്കും കൈക്കൂലി നൽകിയതിന്‍റെ രേഖകൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ആരോഗ്യമന്ത്രി വിജയഭാസ്കറിന് 56 ലക്ഷവും മുൻ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറും മലയാളിയുമായ എസ് ജോർജിനും ഇപ്പോഴത്തെ ഡിജിപി ടി കെ രാജേന്ദ്രനും 60 ലക്ഷവും വീതവും കൈക്കൂലി നൽകിയതായി എംഡിഎം ഗുഡ്ക പ്രോഡക്ട്സ് എംഡി മാധവറാവു കുറ്റസമ്മതം നടത്തിയതായി ആദായനികുതി വകുപ്പ് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന പി രാമമോഹനറാവുവിന് അയച്ച രേഖകളും ഇതിനൊപ്പം പുറത്തുവന്നു. 

ഔദ്യോഗികതലത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നൽകിയ കത്തും രേഖകളും ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നാണ് ആരോപണം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനകൾ രംഗത്തെത്തി. 2013 മുതൽ തമിഴ്നാട്ടിൽ നിരോധിയ്ക്കപ്പെട്ട ഗുഡ്ക ഇപ്പോഴും അനധികൃതമായി വ്യാപകമായി വിറ്റഴിയുന്നുണ്ട്. നേരത്തേ വോട്ടിന് കോഴ വിവാദത്തിലടക്കം ആരോപണവിധേയനായ വിജയഭാസ്കറിനെതിരെ ഉയർന്ന പുതിയ ആരോപണം പാർട്ടിയ്ക്കും സർക്കാരിനും തലവേദനയാവുകയാണ്.