'ഏറ്റവും പരിമിതമായ ആവശ്യങ്ങള്‍ മാത്രമേ ഞങ്ങള്‍ ഉന്നയിക്കുന്നുള്ളൂ. അത് സര്‍ക്കാര്‍ അംഗീകരിച്ചുതരുമെന്നാണ് കരുതുന്നത്. അങ്ങനെ നടന്നില്ലെങ്കില്‍ പാര്‍ലമെന്റിലേക്ക് നഗ്നരായിച്ചെന്ന് പ്രതിഷേധിക്കാനാണ് ഞങ്ങളുടെ തീരുമാനം'- കര്‍ഷകര്‍ പറഞ്ഞു

ദില്ലി: രാജ്യത്തെ കര്‍ഷകര്‍ സംഘടിച്ച് നടത്തുന്ന പ്രതിഷേധ മാര്‍ച്ചിനിടെ കടുത്ത നിലപാടറിയിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നഗ്നരായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് ഇവര്‍ അറിയിക്കുന്നത്.

'ഏറ്റവും പരിമിതമായ ആവശ്യങ്ങള്‍ മാത്രമേ ഞങ്ങള്‍ ഉന്നയിക്കുന്നുള്ളൂ. അത് സര്‍ക്കാര്‍ അംഗീകരിച്ചുതരുമെന്നാണ് കരുതുന്നത്. അങ്ങനെ നടന്നില്ലെങ്കില്‍ പാര്‍ലമെന്റിലേക്ക് നഗ്നരായിച്ചെന്ന് പ്രതിഷേധിക്കാനാണ് ഞങ്ങളുടെ തീരുമാനം'- കര്‍ഷകര്‍ പറഞ്ഞു.

ഏതാണ്ട് ആയിരത്തോളം കര്‍ഷകരാണ് തമിഴ്‌നാട്ടില്‍ നിന്ന് പ്രതിഷേധമാര്‍ച്ചിനായി ദില്ലിയിലെത്തിയിട്ടുള്ളത്. കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയും എല്ലുകളുമേന്തിയാണ് ഇക്കുറിയും ഇവര്‍ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്. ഇതിന് മുമ്പും തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ തലയോട്ടിയും എല്ലുകളുമായി ദില്ലിയിലെത്തി പ്രതിഷേധം നടത്തിയിരുന്നു.

ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ കര്‍ഷക മാര്‍ച്ച്. തമിഴ്‌നാടിന് പുറമെ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ഒരു ലക്ഷത്തില്‍പരം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.