ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ ഗവര്‍ണറുടെ നിര്‍ണ്ണായക തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്ന്. നിയമ വിദഗ്ദ്ധര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചു. ശശികലയെ കോടതി ശിക്ഷിച്ചതോടെ, ചുമതല കൈമാറുന്ന കാര്യത്തില്‍ ഇനി ഗവര്‍ണ്ണറുടെ തീരുമാനം മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് വൈകുന്നേരത്തോടെ ഇത് ഉണ്ടാകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഇന്ന് ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്ന് എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ പറഞ്ഞു.

അതേസമയം ഭൂരിപക്ഷം ഉണ്ടായിട്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാത്തത് ദുരൂഹമെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് സി.ആര്‍ സരസ്വതി ആരോപിച്ചു. ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ഇനി ഒരു എം.എല്‍.എ പോലും പനീര്‍ശെല്‍വത്തിന്റെ പക്ഷത്തേക്ക് പോകില്ലെന്നും സി.ആ‍ര്‍ സരസ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.