ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഇന്ന് ചെന്നൈയിലെത്തും. സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ ഉടനടി നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് എം.കെ സ്റ്റാലിനും കോണ്‍ഗ്രസും വീണ്ടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഗവര്‍ണര്‍ എത്തുന്നത്. 

ഭരണ-പ്രതിപക്ഷത്തെ നേതാക്കള്‍ വീണ്ടും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ പിന്തുണ പിന്‍വലിക്കുകയാണെന്ന് ദിനകരന്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയിരുന്നു. ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ശുപാര്‍ശ ചെയ്തതിനാല്‍ ഇനി സ്പീക്കറുടെ തീരുമാനം നിര്‍ണായകമാണ്. 

ഇവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചാല്‍ കോടതിയെ സമീപിക്കാനാണ് ദിനകരന്‍ പക്ഷത്തിന്റെ നീക്കം. ഇതിനിടെ ഇന്നലെ വിരുതാചലം എംഎല്‍എ കലൈശെല്‍വന്‍ കൂടി ദിനകരന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സ്വതന്ത്രരുള്‍പ്പടെ ദിനകരന് 24 എംഎല്‍എമാരുടെ പിന്തുണയായി. പുതുച്ചേരിയിലെത്തിച്ച ദിനകരന്‍ പക്ഷത്തെ 19 എംഎല്‍എമാരെയും ഇന്നലെ പുതിയ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുമുണ്ട്.