ചെന്നൈ: ശശികലയ്‌ക്കെതിരായ വിധിയോടെ തമിഴ്നാട് രാഷ്‌ട്രീയം ഇനി സാക്ഷ്യം വഹിക്കുന്നത് കണക്കുകളുടെ കളിക്ക്. 234 അംഗങ്ങളുള്ള നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 117 അംഗങ്ങളുടെ പിന്തുണ.നിലവിലുള്ള എംഎല്‍എമാരുടെ പിന്തുണ കാത്തുസൂക്ഷിക്കാനാകുമോ എന്നതാണ് പളനിസ്വാമി നേരിടുന്ന ആശങ്ക.മറുപക്ഷത്ത് നിന്ന് പരമാവധി പേരെ അടര്‍ത്തിയെടുക്കുക എന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെല്ലുവിളി.

ജയലളിതയുടെ മരണ ശേഷം അണ്ണാഡിഎംകെയ്‌ക്കുള്ള 134അംഗങ്ങളില്‍ 11 പേരുടെ മാത്രം പരസ്യപിന്തുണയാണ് പനീര്‍ശെല്‍വത്തിനുള്ളത്.89 എംഎല്‍എമാരുള്ള ഡിഎംകെയും എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസും പിന്തുണച്ചാല്‍ പോലും 109പേരുടെ പിന്തുണയേ പനീര്‍ശെല്‍വത്തിന് കിട്ടൂ. അപ്പോഴും കേവല ഭൂരിപക്ഷത്തിലെത്താന്‍ 8 പേരുടെ കൂടി പിന്തുണ പനീര്‍ശെല്‍വത്തിന് നേടണം. അതിനാല്‍ ശശികല പക്ഷത്ത് നിന്ന് കൂടുതല്‍ പേരേ സ്വന്തം പാളയത്തെത്തിക്കുക മാത്രമാണ് പനീര്‍ശെല്‍വത്തിന് മുന്നിലെ പോംവഴി.

ശശികല പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ ഒപ്പം ചേരുമെന്ന ആത്മവിശ്വാസം ഒപിഎസ് ക്യാന്രപ് പങ്കു വയ്‌ക്കുന്നുണ്ട്.എംപിമാരില്‍ 12 പേരാണ് പനീര്‍സെല്‍വത്തിനൊപ്പം നില്‍ക്കുന്നത്. 123 അംഗങ്ങളുടെ പിന്തുണയുമായി തലയുയര്‍ത്തി നില്‍ക്കുന്ന പളനിസ്വാമി പക്ഷത്തിന് കൂട്ടാളികളെ ചേര്‍ത്ത് നിര്‍ത്തുക എന്നതാണ് വെല്ലുവിളി.വിശ്വാസവോട്ടെടുപ്പ് വരെ ഇവരെ ഒപ്പം നിര്‍ത്താനായാല്‍ കാര്യങ്ങള്‍ പളനിസ്വാമിക്ക് അനുകൂലമാകും.എന്തായാലും സസ്‌പെന്‍സുകള്‍ ഏറെയുള്ള രാഷ്‌ട്രീയപോരില്‍ എന്ത് അട്ടിമറി ഉണ്ടാകുമെന്നത് കാത്തിരുന്ന് കാണാം.