ലേസര്‍ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്ത് പണി കിട്ടിയ യുവതിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. മാഞ്ചസ്റ്ററിലെ ടാറ്റൂ ആർട്ടിസ്റ്റായ ടോണി ഗോര്‍ഡന്‍ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കയ്യിലെ ടാറ്റൂ നീക്കം ചെയ്യുന്നത് പരാജയപ്പട്ടതിനാൽ ഉണ്ടായ അപകടത്തിന്റെ രൂക്ഷത വിശദമാക്കുന്നതാണ് യുവതിയുടെ പോസ്റ്റ്. 

ടോണിയും സുഹൃത്തുക്കളും ചേർന്നാണ് ലേസര്‍ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്യാൻ മാഞ്ചസ്റ്ററിലെത്തിയത്. ഇരുപതിനായിരം രൂപയിലധികം ചെലവഴിച്ചാണ് ടോണി തന്റെ ടാറ്റൂ നീക്കം ചെയ്തത്. ടാറ്റൂ നീക്കം ചെയ്യുമ്പോള്‍ വേദനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പൊള്ളലുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍   ലേസര്‍ ചെയ്ത ഭാഗത്ത് വലിയ ദ്വാരങ്ങള്‍ ഉണ്ടാകാൻ തുടങ്ങിയതോടെ യുവതി വൈദ്യസഹായം തേടുകയായിരുന്നു.

അതേസമയം ലേസർ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്യുന്നത് സുരക്ഷിതമാണെന്നും പുകച്ചില്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണെന്നും ടാറ്റൂ കലാകാരന്‍ സ്റ്റിഫന്‍ ആന്റണി പറയുന്നത്. ടാറ്റൂ ചെയ്ത ഭാഗം വൃത്തിയായും മോസ്ച്റൈസര്‍ ഉപയോഗിച്ച് ഈര്‍പ്പമുള്ളതായും സൂക്ഷിക്കണം. വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രമേ ടാറ്റൂ നീക്കം ചെയ്ത ശേഷം പ്രശ്നങ്ങളുണ്ടാകാറുള്ളുവെന്നും ആന്റണി കൂട്ടിച്ചേർത്തു.