ബുധനാഴ്ച പഴമൂന്നാറിലെ മൂലക്കടയ്ക്ക് സമീപത്തെ ലക്ഷ്മി റോഡില്‍ രാത്രി 11 ഓടെയാണ് സംഭവം.

ഇടുക്കി: കാല്‍നടയാത്രക്കാരായ യുവാക്കളെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിര്‍ത്താതെപോയി. ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരം. തമിഴ്നാട് തിരുനെല്‍വേലി ശങ്കരന്‍ കോവില്‍ അന്നികുളന്തൈ സ്വദേശിയായ മാടസാമി- രാമലക്ഷ്മി ദമ്പതികളുടെ മകനായ അരുണ്‍കുമാര്‍ (25) ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ തമിഴ്നാട് സ്വദേശിയും ബി.കോം വിദ്യാര്‍ത്ഥിയുമായ രാംകുമാര്‍ (19) കോലഞ്ചേരിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. 

ബുധനാഴ്ച പഴമൂന്നാറിലെ മൂലക്കടയ്ക്ക് സമീപത്തെ ലക്ഷ്മി റോഡില്‍ രാത്രി 11 ഓടെയാണ് സംഭവം. ബന്ധുവിന്റെ വിവാഹ ചടങ്ങളില്‍ പങ്കെടുക്കുന്നതിനാണ് അരുണ്‍കുമാറും സുഹ്യത്ത് രാംകുമാറും മൂന്നാറിലെത്തിയത്. ഞയറാഴ്ച വിവാഹം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം ഇരുവരും മടക്കം വെള്ളിയാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച രാത്രിയില്‍ മൂന്നാര്‍ മൂലക്കടയില്‍ നിന്നും ബന്ധുവീട്ടിലേക്ക് മടങ്ങവെ പിന്നില്‍ നിന്നും അമിതവേഗതിയിലെത്തിയ ടവേര കാര്‍ ആദ്യം അരുണ്‍കുമാറിനെയും ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കവെ രാംകുമാറിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

തലയ്ക്കും കാലിനും പരിക്കേറ്റ അരുണ്‍കുമാര്‍ തല്‍ക്ഷണം മരിച്ചു. ചോരയില്‍ കുളിച്ചുകിടന്ന ഇരുവരയും അതുവഴിയെത്തിയ ഓട്ടോ ഡ്രൈവറാണ് മൂന്നാര്‍ ജനറള്‍ ആശുപത്രിയിലെത്തിച്ചത്. രാംകുമാറിനും തലയ്ക്കായിരുന്നു പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോലഞ്ചേരി ആശുപത്രിയില്‍ തീവ്രപരിശോധന വിഭാഗത്തില്‍ ചികില്‍സയിലാണ്. യുവാക്കളെ ഇടിച്ചുതെറിപ്പിച്ച വാഹനം ലക്ഷ്മി ഒറ്റപ്പാറയ്ക്ക് സമീപം തിട്ടയില്‍ കയറിയ രീതിയില്‍ പോലീസ് കണ്ടെത്തി. 

വാഹനത്തിന്റെ ഡ്രൈവര്‍ ഒളിവിലാണ്. രാവിലെ മുതല്‍ തവേര കാര്‍ ഓടിച്ചിരുന്നത് പാര്‍വ്വതി എസ്റ്റേറ്റിലെ സുഭാഷാണെന്നും ഇയാള്‍ യുവാക്കളെ ഇടിക്കുന്നതിന് മുമ്പ് മൂലക്കടയില്‍ മറ്റൊരു വാഹനം ഇടിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.