സർക്കാരിനെതിരെ നീങ്ങാൻ ടിഡിപി നടുത്തളത്തിൽ പ്രതിഷേധിക്കാന്‍ ചന്ദ്രബാബു നായിഡുവിന്റെ നിർദ്ദേശം
ഹൈദരബാദ്: അവിശ്വാസപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ മറുപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ ടിഡിപി എംപിമാർക്ക് ചന്ദ്രബാബു നായിഡു നിർദ്ദേശം നല്കി. വർഷകാല സമ്മേളനത്തിന്റെ തുടർദിനങ്ങൾ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി. ചന്ദ്രബാബു നായിഡുവിനെ വിമർശിച്ചും ടിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവുവിനെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ടിഡിപിയെ ചൊടിപ്പിച്ചിരിക്കുകയാണ്.
എംപിമാരുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയ നായിഡു വിട്ടുവീഴ്ച വേണ്ടെന്ന് നിർദ്ദേശിച്ചു. നാളെ മുതൽ ടിഡിപി എംപിമാർ നടുത്തളത്തിൽ ഇറങ്ങും. പാർലമെൻറിനു പുറത്തും പ്രതിഷേധിക്കും. ആന്ധ്രാബന്ദിന് ആഹ്വാനം നല്കാനും തീരുമാനമുണ്ട്. ടിഡിപി പ്രതിഷേധിക്കുമ്പോൾ വിശാലപ്രതിപക്ഷവും നിലപാട് ശക്തമാക്കും.
ആൾക്കൂട്ട ആക്രമണം സർക്കാരിനെതിരെ ആയുധമാക്കും. ഒപ്പം റഫാൽ ഇടപാട് സജീവ ചർച്ചയാക്കാൻ കോൺഗ്രസും തയ്യാറെടുക്കുന്നുണ്ട്. അവിശ്വാസപ്രമേയം അംഗീകരിച്ച ശേഷം മൂന്ന് ദിവസം പാർലമെൻറ് തടസ്സമില്ലാതെ നടന്നിരുന്നു. പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോൾ മുത്തലാഖ് ഉൾപ്പടെയുള്ള ബില്ലുകൾ പാസ്സാക്കാനുള്ള സർക്കാർ നീക്കം പാളും.
